ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിൻ്റെ തോത് കുറയ്ക്കുന്നതിനും പുകമഞ്ഞ് നിയന്ത്രിക്കുന്നതിനുമായി ഡൽഹിയിലെ പല ഭാഗങ്ങളിലും കൃത്രിമ മഴ പെയ്യിക്കാനുള്ള നടപടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ക്ലൗഡ് സീഡിംഗ് (Cloud Seeding) നടത്താൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) കാൺപൂരിൽ നിന്നുള്ള വിമാനം പറന്നു.(Cloud seeding done in Delhi, will the air pollution end ?)
വടക്കൻ ഡൽഹിയിലെ ഈർപ്പം നിറഞ്ഞ മേഘങ്ങൾക്ക് മുകളിലൂടെയാണ് വിമാനം ക്ലൗഡ് സീഡിംഗ് നടത്തിയത്. സിൽവർ അയോഡൈഡ്, സോഡിയം ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കുന്നത് വായു മലിനീകരണത്തിൻ്റെ തോത് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു. 15 മിനിറ്റ് മുതൽ 4 മണിക്കൂറിനുള്ളിൽ മഴ പെയ്യുമെന്നാണ് അദ്ദേഹത്തിൻ്റെ പ്രതീക്ഷ.
ഖേക്ര, ബുരാരി, മയൂർ വിഹാർ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ എട്ട് ഫ്ലെയറുകൾ ഉപയോഗിച്ച് ക്ലൗഡ് സീഡിംഗ് നടന്നു. രണ്ടാമത്തെയും മൂന്നാമത്തെയും പരീക്ഷണങ്ങളും ഇന്ന് നടക്കുമെന്ന് മന്ത്രി അറിയിച്ചു.
സിൽവർ അയോഡൈഡ് അല്ലെങ്കിൽ സോഡിയം ക്ലോറൈഡ് പോലുള്ള രാസ സംയുക്തങ്ങൾ മേഘങ്ങളിലേക്ക് വിതറുമ്പോൾ, ഈ കണികകൾ ഘനീഭവിക്കുന്നതിനുള്ള ന്യൂക്ലിയസുകളായി പ്രവർത്തിക്കുകയും ജലത്തുള്ളികൾ രൂപപ്പെട്ട് മഴയായി പെയ്യുകയും ചെയ്യും.