

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്ത ഡം ഡം പ്രദേശത്ത് ഏഴാം ക്ലാസ് വിദ്യാർഥിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.(Class 7 student gang-raped in Kolkata, 3 arrested)
സഞ്ജു സാഹ, വിക്കി പാസ്വാൻ, രാജേഷ് പാസ്വാൻ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ട്യൂഷന് പോവുകയായിരുന്ന 14 വയസ്സുള്ള വിദ്യാർഥിനിയെയാണ് പ്രതികൾ ആക്രമിച്ചത്. പ്രതികളിൽ ഒരാളായ സഞ്ജു സാഹയെ പെൺകുട്ടിക്ക് മുൻപരിചയം ഉണ്ടായിരുന്നു.
മൂന്ന് പ്രതികളും ചേർന്ന് പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ ബലമായി മോട്ടിലാൽ കോളനിയിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയാണ് കൂട്ടബലാത്സംഗം ചെയ്തത്. പ്രതികൾ മദ്യലഹരിയിലായിരുന്ന സമയത്ത് പെൺകുട്ടി അവിടെനിന്ന് രക്ഷപ്പെട്ടു. രാത്രിയോടെ വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് മാതാപിതാക്കൾ ഡം ഡം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോലീസ് ഉടൻതന്നെ പ്രതികളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സഞ്ജു സാഹയെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിലും വിക്കി പാസ്വാനെ ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലുമാണ് വിട്ടത്.
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ഡം ഡം പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൊൽക്കത്തയിൽ അടുത്തകാലത്തായി തുടർച്ചയായുണ്ടാകുന്ന കൂട്ടബലാത്സംഗ കേസുകളിൽ ഏറ്റവും പുതിയതാണ് ഈ സംഭവം.