
സംഭൽ: ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജുമാമസ്ജിദിലെ സർവേക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മസ്ജിദ് പ്രസിഡന്റ് സഫർ അലിയുടെ ഇടക്കാല ജാമ്യപേക്ഷ കോടതി തള്ളി. അഡീഷനൽ ജില്ല ജഡ്ജി (രണ്ട്) നിർഭയ് നാരായൺ റായാണ് ജാമ്യാപേക്ഷ തള്ളിയത്. ജനക്കൂട്ടത്തെ സംഘടിപ്പിക്കൽ, അക്രമത്തിന് പ്രേരിപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. തുടർന്ന് ഇടക്കാല ജാമ്യം നിഷേധിച്ച കോടതി അപേക്ഷ ഏപ്രിൽ രണ്ടിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
അറസ്റ്റിലായ അന്നുതന്നെ സഫർ അലി ചന്ദൗസി കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളി. തുടർന്ന് രണ്ട് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ മൊറാദാബാദ് ജയിലിലേക്ക് മാറ്റുകയായിരുന്നു.