ന്യൂഡൽഹി: ആരവല്ലി മലനിരകളെ സംബന്ധിച്ച പുതിയ നിർവചനത്തിന് വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി. 100 മീറ്ററിലധികം ഉയരമുള്ള കുന്നുകളെ മാത്രം മലനിരകളുടെ ഭാഗമായി കണക്കാക്കുമെന്ന മുൻ ഉത്തരവ് കോടതി മരവിപ്പിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച കോടതി, വരും ദിവസങ്ങളിൽ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും വ്യക്തമാക്കി.(Clarification needed in new definition related to Aravalli Hills, Supreme Court sends notice to Center)
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചത്. പുതിയ നിർവചനം സംരക്ഷിത മേഖലയുടെ വ്യാപ്തി കുറയ്ക്കാനും അതുവഴി ഖനന മാഫിയയ്ക്ക് കൂടുതൽ പ്രദേശങ്ങളിൽ അനുമതി ലഭിക്കാനും കാരണമാകുമോ എന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു.
കുന്നുകളുടെ ഉയരവും അവ തമ്മിലുള്ള അകലവും കണക്കിലെടുത്ത് ഖനനം അനുവദിക്കുന്നത് മലനിരകളുടെ പാരിസ്ഥിതിക തുടർച്ചയെ എങ്ങനെ ബാധിക്കുമെന്ന് സർക്കാർ വിശദീകരിക്കണം. പർവതനിരകളുടെ ഘടനാപരമായ തുടർച്ച നിലനിർത്താൻ സമഗ്രമായ വിലയിരുത്തൽ ആവശ്യമാണെന്നും നിലവിലെ നിയമങ്ങളിൽ വിടവുകൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ നവംബർ 20-ലെ ഉത്തരവ് പ്രകാരമാണ് ആരവല്ലി കുന്നുകൾക്ക് പുതിയ മാനദണ്ഡം വന്നത്. ഇതനുസരിച്ച് തറനിരപ്പിൽ നിന്ന് 100 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രമേ ആരവല്ലി കുന്നുകളായി പരിഗണിക്കൂ. 500 മീറ്റർ ദൂരപരിധിക്കകത്ത് ഇത്തരത്തിലുള്ള രണ്ടോ അതിലധികമോ കുന്നുകൾ ഉണ്ടെങ്കിൽ മാത്രമേ അവയെ മലനിരകളായി കണക്കാക്കൂ. ഈ നിർവചനം നടപ്പിലായാൽ ആരവല്ലി നിരകളുടെ 90 ശതമാനം ഭാഗവും സംരക്ഷിത പരിധിക്ക് പുറത്താകുമെന്നും ഇത് വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു.