ന്യൂഡൽഹി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി (സി.ജെ.ഐ.) നിലവിലെ ഏറ്റവും മുതിർന്ന ജഡ്ജി ജസ്റ്റിസ് സൂര്യകാന്തിനെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി ശുപാർശ ചെയ്തു. ഈ വർഷം നവംബർ 23-ന് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ കാലാവധി അവസാനിക്കുന്നതോടെ പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേൽക്കും.(CJI BR Gavai recommends Justice Surya Kant as successor)
സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസിനെ ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്യുന്നത് പതിവ് നടപടിക്രമമാണ്. കേന്ദ്ര നിയമ മന്ത്രാലയം അംഗീകാരം നൽകിയാൽ, ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തിൻ്റെ 53-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും. അദ്ദേഹം അധികാരം ഏറ്റെടുക്കുകയാണെങ്കിൽ 2027 ഫെബ്രുവരി 9 വരെ പദവിയിൽ തുടരാനാകും.
ചീഫ് ജസ്റ്റിസ് ആവുകയാണെങ്കിൽ, ഹരിയാനയിൽ നിന്ന് ഈ പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തി എന്ന ചരിത്രപരമായ നേട്ടവും ജസ്റ്റിസ് സൂര്യകാന്തിൻ്റെ പേരിനൊപ്പം ചേരും. 1962 ഫെബ്രുവരി 10-ന് ഹരിയാനയിലെ ഹിസാറിൽ ആണ് അദ്ദേഹം ജനിച്ചത്. പിതാവ് അധ്യാപകനായിരുന്നു.
ഗ്രാമത്തിലെ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. 1984-ൽ മഹർഷി ദയാനന്ദ സർവ്വകലാശാലയിൽ നിന്ന് നിയമ ബിരുദം. 2011-ൽ കുരുക്ഷേത്ര സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം. ഹിസാറിലെ ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രവർത്തനം ആരംഭിച്ചു. പിന്നീട് ചണ്ഡിഗഢിലേക്ക് മാറുകയും പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും ചെയ്തു.
38-ാം വയസ്സിൽ ഹരിയാനയുടെ അഡ്വക്കേറ്റ് ജനറലായി ചുമതലയേറ്റു. 2004-ൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 14 വർഷം ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ച ശേഷം, 2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു. 2019 മെയ് 24-ന് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു.