ന്യൂഡൽഹി: ഭരണഘടനാ ദിനത്തിൽ രാജ്യത്തെ പൗരന്മാർ ഭരണഘടനാപരമായ കടമകൾ നിറവേറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു. കടമകൾ നിറവേറ്റുന്നത് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാർക്കെഴുതിയ കത്തിലൂടെയും എക്സിലെ പോസ്റ്റിലൂടെയുമാണ് പ്രധാനമന്ത്രി സന്ദേശം പങ്കുവെച്ചത്.(Citizens should fulfill their constitutional duties PM on Constitution Day)
വോട്ടവകാശം വിനിയോഗിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 18 വയസ്സ് തികയുന്ന കന്നി വോട്ടർമാരെ ആദരിച്ചുകൊണ്ട് സ്കൂളുകളും കോളേജുകളും ഭരണഘടനാ ദിനം ആഘോഷിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
കടമകൾ നിർവഹിക്കുന്നതിലൂടെയാണ് അവകാശങ്ങൾ ഉണ്ടാകുന്നത് എന്ന മഹാത്മാഗാന്ധിയുടെ വിശ്വാസത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയുടെ അടിസ്ഥാനം കടമകൾ നിറവേറ്റുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വികസിത ഭാരതം എന്ന കാഴ്ചപ്പാടിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ പൗരന്മാർ അവരുടെ കടമകൾക്ക് പ്രഥമസ്ഥാനം നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ഭരണഘടനാ ശിൽപികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി, "വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പരിശ്രമത്തിൽ അവരുടെ കാഴ്ചപ്പാടും ദീർഘവീക്ഷണവും നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണ്" എന്നും കൂട്ടിച്ചേർത്തു.