ന്യൂഡൽഹി: രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷാ ചുമതല ഇനി മുതൽ സി.ഐ.എസ്.എഫിന്. രാജ്യത്തുടനീളമുള്ള സമുദ്ര അതിർത്തികളിലെ 250-ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി സി.ഐ.എസ്.എഫിനെ നിയമിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ നടത്തിയ സുരക്ഷാ യോഗങ്ങളിലാണ് തുറമുഖ സുരക്ഷ ശക്തിപ്പെടുത്താൻ നിർണ്ണായകമായ ഈ തീരുമാനമെടുത്തത്.(CISF to provide security to country's ports)
തുറമുഖങ്ങളുടെ സുരക്ഷാ സംവിധാനങ്ങളിൽ ഹൈബ്രിഡ് മാതൃകയായിരിക്കും നടപ്പിലാക്കുക. സുരക്ഷാ സംവിധാനങ്ങളും ഗാഡ്‌ജെറ്റുകളും സ്ഥാപിക്കുന്നതിനും ഹൈബ്രിഡ് സുരക്ഷാ വിന്യാസത്തിനുമുള്ള ചുമതല ഇവർക്കാണ്.
ഭീകരവാദ വിരുദ്ധ - അട്ടിമറി വിരുദ്ധ നടപടികൾ ഉൾപ്പെടെയുള്ള പ്രധാന സുരക്ഷാ വിഷയങ്ങൾ സി.ഐ.എസ്.എഫ്. കൈകാര്യം ചെയ്യും. കാർഗോ സ്‌ക്രീനിംഗ്, ആക്‌സസ് കൺട്രോൾ, മറ്റ് പ്രധാന സുരക്ഷാ വിശദാംശങ്ങൾ എന്നിവയും സേനയുടെ പരിധിയിൽ വരും.
നിലവിൽ 13 പ്രധാന തുറമുഖങ്ങൾ സി.ഐ.എസ്.എഫ്. പരിധിയിലാണുള്ളത്. പുതിയ തീരുമാനപ്രകാരം, 67 അധിക പ്രധാന തുറമുഖങ്ങളിലെ സുരക്ഷ ഉടൻ തന്നെ ഈ സേന കൈകാര്യം ചെയ്യും. ഇന്ത്യയിൽ 200-ഓളം ചെറുതും വലുതുമായ തുറമുഖങ്ങൾ ഉണ്ടെങ്കിലും 65 എണ്ണം മാത്രമാണ് കാർഗോ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. നിലവിൽ സി.ഐ.എസ്.എഫ്. പരിധിയിൽ ഇല്ലാത്ത തുറമുഖങ്ങളിലെ സുരക്ഷ സംസ്ഥാന പോലീസും സ്വകാര്യ ഏജൻസികളുമാണ് കൈകാര്യം ചെയ്യുന്നത്.
ഗതാഗത മാനേജ്മെന്റ്, ഗേറ്റ് നിയന്ത്രണം തുടങ്ങിയ സാധാരണ ചുമതലകൾ സ്വകാര്യ സുരക്ഷാ ഏജൻസികളോ സംസ്ഥാന പോലീസ് സേനകളോ തുടർന്നും നിർവഹിക്കും. രാജ്യസുരക്ഷയുടെ പശ്ചാത്തലത്തിൽ തുറമുഖങ്ങളിലെ പ്രധാന സുരക്ഷാ സംവിധാനങ്ങളുടെ ഏകോപനം ഇനി സി.ഐ.എസ്.എഫ്. നിർവഹിക്കും.