ന്യൂഡൽഹി: ആഗോളതലത്തിൽ ക്രിസ്മസ് ആഘോഷിക്കുന്ന വേളയിൽ, ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കും ആഘോഷങ്ങൾക്കും നേരെ ഹിന്ദുത്വ സംഘടനകളുടെ വ്യാപക അക്രമം. ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്രിസ്മസ് അലങ്കാരങ്ങൾ തകർക്കുകയും വിശ്വാസികളെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്.
റായ്പൂരിലെ മാഗ്നെറ്റോ മാളിൽ സ്ഥാപിച്ചിരുന്ന ക്രിസ്മസ് അലങ്കാരങ്ങൾ ബജ്‍രംഗ്ദൾ പ്രവർത്തകർ അടിച്ചുതകർത്തു. മുപ്പതിലധികം വരുന്ന സംഘം മാളിലെ സാന്റാ ക്ലോസിന്റെ രൂപം നശിപ്പിക്കുകയും വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
ബറേലി കന്റോൺമെന്റ് ഏരിയയിലെ പ്രശസ്തമായ ക്രിസ്ത്യൻ പള്ളിക്ക് മുന്നിൽ ഹിന്ദുത്വ സംഘടനകൾ ഹനുമാൻ ചാലിസ ചൊല്ലി പ്രകോപനം സൃഷ്ടിച്ചു. പോലീസ് സാന്നിധ്യത്തിലായിരുന്നു 'ജയ് ശ്രീറാം' വിളികളുമായി പള്ളിക്ക് മുന്നിൽ തടിച്ചുകൂടിയ സംഘത്തിന്റെ അതിക്രമം.
നൽബാരിയിലെ സെന്റ് മേരീസ് സ്കൂളിൽ അതിക്രമിച്ചു കയറിയ വി.എച്ച്.പി, ബജ്‍രംഗ്ദൾ പ്രവർത്തകർ ക്രിസ്മസ് അലങ്കാരങ്ങൾ തീയിട്ടു നശിപ്പിച്ചു. 'ജയ് ഹിന്ദു രാഷ്ട്ര' മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു സ്കൂൾ വളപ്പിലെ അക്രമം.പള്ളിയിൽ അതിക്രമിച്ചു കയറി കാഴ്ചപരിമിതിയുള്ള യുവതിയെ കയ്യേറ്റം ചെയ്ത ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജു ഭാർഗവ ഉൾപ്പെടെയുള്ളവർക്കെതിരെ ഇതുവരെയും പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.
ആശങ്കയിൽ ക്രൈസ്തവ സമൂഹം: ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വേട്ട തുടരുകയാണെന്നും അധികൃതരും പോലീസും ഇത്തരം അക്രമങ്ങൾക്ക് ഒത്താശ ചെയ്യുകയാണെന്നും ആക്ഷേപമുയരുന്നുണ്ട്. ക്രിസ്മസ് കാലത്തുണ്ടായ ഈ തേർവാഴ്ചയിൽ രാജ്യത്തെ ക്രൈസ്തവ സമൂഹം വലിയ ആശങ്കയിലും അമർഷത്തിലുമാണ്.