

മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയ്ക്ക് സമീപം വസായ് വെസ്റ്റ് പ്രദേശത്ത് ക്ലോറിൻ വാതകം ചോർന്നു. വിഷവാതക ചോർച്ചയെ തുടർന്ന് ഒരു സമീപവാസി മരിച്ചു.
ക്ലോറിൻ വാതകം ശ്വസിച്ച് 59 വയസ്സുള്ള സമീപവാസിയാണ് മരിച്ചത്.18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു ആൺകുട്ടി, രണ്ട് കൗമാരക്കാരായ പെൺകുട്ടികൾ, അഞ്ച് സ്ത്രീകൾ, വാതകം ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഗ്നിശമന സേനാംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നു. ഇവരെ മൂന്ന് വ്യത്യസ്ത ആശുപത്രികളിലേക്ക് മാറ്റി. രൂക്ഷമായ മഞ്ഞ-പച്ച നിറത്തിലുള്ള വിഷപ്പുക പ്രദേശത്ത് പടർന്നു.
ചൊവ്വാഴ്ച വൈകുന്നേരം 3.30-ഓടെ ദിവാൻമാൻ ശ്മശാനത്തിന് സമീപമുള്ള ഒരു വാട്ടർ ടാങ്കിന് അടുത്തുള്ള അറ്റകുറ്റപ്പണികൾക്കിടെയാണ് സംഭവം.10 മുതൽ 15 വർഷം വരെ പഴക്കമുള്ള ഒരു ക്ലോറിൻ സിലിണ്ടറിൻ്റെ വാൽവ് ചോരാൻ തുടങ്ങിയതാണ് വിഷപ്പുക പടരാൻ കാരണം.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സി.ഇ.ഒ. കൂടിയായ റെസിഡൻ്റ് ഡെപ്യൂട്ടി കളക്ടർ സുഭാഷ് ബാഗ്ഡെയാണ് ഈ വിവരങ്ങൾ അറിയിച്ചത്.
നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും വാതക ചോർച്ചയിൽ നിന്ന് കൂടുതൽ ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു.
പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും, മുൻകരുതൽ നടപടിയായി പ്രദേശത്ത് അനാവശ്യമായ സഞ്ചാരം ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.