

ബീഹാർ: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ജയത്തെ തുടർന്ന്, ലോക് ജനശക്തി പാർട്ടി മേധാവി ചിരാഗ് പാസ്വാൻ ഇന്ന് പട്നയിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കണ്ടു. സംസ്ഥാനത്ത് എൻഡിഎയുടെ അതിശയിപ്പിക്കുന്ന ഭൂരിപക്ഷത്തിന് പാസ്വാൻ മുഖ്യമന്ത്രി നിതീഷ് കുമാറിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. (Chirag Paswan)
എൻഡിഎയുടെ ബീഹാർ പ്രചാരണത്തിലെ പ്രമുഖരിൽ ഒരാളായ ചിരാഗ് പാസ്വാന്റെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ "സൗഹൃദപരവും ക്രിയാത്മകവുമായ" കൂടിക്കാഴ്ചയയാണ് കണക്കാക്കുന്നത്. ബീഹാറിലെ ജനങ്ങൾ എൻഡിഎയ്ക്ക് അനുകൂലമായി നിർണായകമായ ഒരു ജനവിധി നൽകിയെന്നും, സഖ്യത്തിന്റെ നേതൃത്വത്തിലും വികസനാധിഷ്ഠിത രാഷ്ട്രീയത്തിലും അവർക്കുള്ള വിശ്വാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ചിരാഗ് പാസ്വാൻ എക്‌സിൽ കുറിച്ചു.
എൻഡിഎയുടെ വിജയം എല്ലാ സഖ്യകക്ഷികളുടേയും കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്. ഇത് സ്ഥിരതയ്ക്കും പുരോഗതിക്കും പൊതുജനങ്ങൾ തന്ന ശക്തമായ പിന്തുണയുടെ തെളിവാണെന്നും യോഗത്തിന് ശേഷം സംസാരിച്ച പാസ്വാൻ പറഞ്ഞു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും സംസ്ഥാനത്തുടനീളമുള്ള വികസനത്തിന്റെ വേഗത ത്വരിതപ്പെടുത്തുന്നതിനും പുതിയ സർക്കാർ പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.