ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തം: ഉത്തരവാദിത്തം RCBക്കെന്ന് കുറ്റപത്രം സമർപ്പിച്ച് CID | RCB

കുറ്റപത്രം ഉടൻ തന്നെ കർണാടക ഹൈക്കോടതിയിൽ സമർപ്പിക്കും.
Chinnaswamy Stadium tragedy, CID files chargesheet, holds RCB responsible
Published on

ബെം​ഗളൂരു: ഐ.പി.എൽ. വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിൻ്റെ പ്രധാന ഉത്തരവാദിത്തം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനാണെന്ന് (ആർ.സി.ബി.) പോലീസ്. കർണാടക പോലീസിൻ്റെ സി.ഐ.ഡി. വിഭാഗം തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ആർ.സി.ബി.യെ മുഖ്യ പ്രതിസ്ഥാനത്ത് നിർത്തുന്നത്.(Chinnaswamy Stadium tragedy, CID files chargesheet, holds RCB responsible)

ഐ.പി.എൽ. കിരീടധാരണത്തിന് പിന്നാലെ സംഘടിപ്പിക്കപ്പെട്ട വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ 11 പേരാണ് ദാരുണമായി മരിച്ചത്. നേരത്തെ നടത്തിയ മജിസ്റ്റീരിയൽ അന്വേഷണത്തിൻ്റെ കണ്ടെത്തലുകൾ ശരിവച്ചുകൊണ്ടാണ് സി.ഐ.ഡി. 2200 പേജുള്ള വിശദമായ കുറ്റപത്രം തയ്യാറാക്കിയത്.

കർണാടക ക്രിക്കറ്റ് അസോസിയേഷനും (കെ.എസ്.സി.എ.) ഇവന്റ് മാനേജ്‌മെൻ്റ് കമ്പനിയായ ഡി.എൻ.എ.യ്ക്കും കൂട്ടുത്തരവാദിത്തം ഉണ്ട്. ഇത്രയും വലിയ ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ ഉണ്ടായില്ല എന്ന് ഇതിൽ പറയുന്നു.

യഥാസമയം പോലീസിനെ വിവരങ്ങൾ ധരിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായി. സ്വകാര്യ ഏജൻസിക്ക് സുരക്ഷാ ചുമതല കൈമാറിയതിലും പാളിച്ചയുണ്ടായി. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പരസ്പര വിരുദ്ധമായ വിവരങ്ങൾ. ടിക്കറ്റ് നിരക്ക് വിവരങ്ങൾ പരസ്യപ്പെടുത്തിയതിലെ പിഴവും ഇതിൽ ചൂണ്ടിക്കാണിക്കുന്നു.

നൂറുകണക്കിന് ദൃക്‌സാക്ഷികളുടെയും പരിക്കേറ്റവരുടെയും ഗേറ്റിലെ സുരക്ഷാ ജീവനക്കാരുടെയും മൊഴികളും സി.സി.ടി.വി. ദൃശ്യങ്ങളും തെളിവായി ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. സി.ഐ.ഡി. തയ്യാറാക്കിയ കുറ്റപത്രം ഉടൻ തന്നെ കർണാടക ഹൈക്കോടതിയിൽ സമർപ്പിക്കും.

Related Stories

No stories found.
Times Kerala
timeskerala.com