ഈ ക്ഷേത്രത്തിലെ പ്രസാദം നൂഡിൽസും ചോപ്‌സിയും സ്റ്റിക്കി റൈസും, ചൈനീസ് ആചാരങ്ങളും ഇന്ത്യൻ വിശ്വാസങ്ങളും ഒത്തുചേർന്ന കാളി ക്ഷേത്രം; കൊൽക്കത്തയിലെ ചൈനീസ് കാളി ക്ഷേത്രം |Chinese Kali Temple

Chinese Kali Temple
Published on

ക്ഷേത്രങ്ങൾ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ക്ഷേത്രത്തിലെ മാണിനാദവും ശംഖൊലിയും, പിന്നെ ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും സുഗന്ധവുമാകും. സ്വാദൂറും പ്രസാദത്തിന്റെ നറുമണം ആരുടെയും മനസ്സ് കിഴടക്കും. എന്നാൽ അങ്ങ് കൊൽക്കത്തയിൽ ഒരു ക്ഷേത്രമുണ്ട്, നമ്മുടെ രാജ്യത്തെ മറ്റു ക്ഷേത്രങ്ങളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമായ ഒരു ക്ഷേത്രം. ഈ ക്ഷേത്രത്തിനുള്ളിൽ നിങ്ങൾ പ്രവേശിക്കുംമ്പോൾ ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും ഗന്ധത്തിന് ഒപ്പം സോയ സോസിന്റെയും നൂഡിൽസിന്റെയും കൊതിയൂറുന്ന മണം നിങ്ങളുടെ നാസാരന്ധ്രയങ്ങളിൽ കയറിപ്പറ്റുന്നു. അതെ, കൊൽക്കത്തയിലെ ടാംഗ്രയിലെ കാളി ക്ഷേത്രത്തിൽ എത്തിയാൽ നിങ്ങളെ സ്വീകരിക്കുക ചൈനീസ് വിഭവങ്ങളുടെ വാസനയാകും. കൊൽക്കത്തയിലെ ചൈനീസ് കാളി ക്ഷേത്രത്തെ (Chinese Kali Temple) കുറിച്ചാണ് പറഞ്ഞു വരുന്നത്.

കൊൽക്കത്തയുടെ ചൈനാ ടൗൺ എന്നറിയപ്പെടുന്ന ടാംഗ്ര. തലമുറകളായി താമസിക്കുന്ന ഇന്ത്യൻ-ചൈനീസ് സമൂഹത്തിന്റെ കേന്ദ്രമാണ് ഇവിടം. തുകൽ വ്യവസായത്തിനും ചൈനീസ് ഭക്ഷണശാലകൾക്കും പേരുകേട്ട ഇവിടെയാണ് ചൈനീസ് കാളി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പേര് കേൾക്കുമ്പോൾ ഒരൽപം കൗതുകം തോന്നിയേക്കാം. പേരുപോലെ തന്നെ പ്രദേശത്ത് താമസിക്കുന്ന ചൈനക്കാരാണ് ക്ഷേത്രത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. പുറമെ നിന്ന് നോക്കിയാൽ മറ്റു ക്ഷേത്രങ്ങളെ പോലെയെ തോന്നു, എന്നാൽ ക്ഷേത്രത്തിന്റെ ഉള്ള കാഴ്ച്ചകൾ ആരെയും അതിശയിപ്പിക്കുന്നതാണ്.

കാളി ക്ഷേത്രത്തിലെ നൂഡിൽസ് പ്രസാദം

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കാളിദേവിയാണ്. എന്നാൽ പൂജകളും ആരാധനാരീതികളും തീർത്തും വേറിട്ടതാണ്. ഇവിടെ അഗർബത്തിക്ക് പകരം ചൈനീസ് ജോസ് സ്റ്റിക്‌സാണ് ഉപയോഗിക്കുന്നത്. ദുഷ്ടശക്തികളെ അകറ്റി നോർത്തുവാൻ ചൈനയിൽ പിന്തുടരുന്ന ഒരു രീതിയാണ് പേപ്പറുകൾ കത്തിക്കുന്നത്. ഇവിടെ ആ രീതിയും പിന്തുടരുന്നുണ്ട്. ചൈനീസ് ആചാരങ്ങൾ പിന്തുടരുന്നത് കൊണ്ടാണ് ഈ ക്ഷേത്രത്തെ ചൈനീസ് കാളി ക്ഷേത്രം എന്ന പേരിൽ അറിയപ്പെടുന്നത്. ചൈനീസ് ആചാരങ്ങൾ പിന്തുടരുന്ന ക്ഷേത്രം എന്ന് പറയുമ്പോൾ എടുത്ത് പറയേണ്ടി വരും ക്ഷേത്രത്തിലെ പ്രസാദങ്ങളെ കുറിച്ച്. ചൈനീസ് ഭക്ഷണമായ നൂഡിൽസ്, ചോപ് സൂയി, സ്റ്റിക്കി റൈസ് എന്നിവയാണ് പ്രസാദം. പ്രസാദം ആദ്യം കാളിദേവിക്ക് സമർപ്പിക്കുന്നു, ശേഷം ഭക്തർക്ക് വിതരണം ചെയ്യുന്നതാണ് ഇവിടുത്തെ രീതി. ക്ഷേത്രത്തിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നത് ഏറെ വിചിത്രവും എന്നാൽ കൗതുകവുമായ ഈ പ്രസാദം തന്നെയാണ്.

കാളി ക്ഷേത്ര ഐതിഹ്യം

ടാംഗ്രയിലെ ചൈനക്കാരാണ് ക്ഷേത്ര നിർമ്മാണത്തിനു പിന്നിൽ. എന്നാൽ ഇവിടെ ക്ഷേത്രം പണിയുന്നതിന് മുൻപ് കാളി ദേവിയെ പ്രതിനിധീകരിക്കുന്ന ഒരു കല്ല് മാത്രമാണ് ഉണ്ടായിരുന്നത്. കല്ലിൽ സിന്ദൂരം അണിയിച്ച് വിശ്വാസികൾ പ്രാർത്ഥിച്ചിരുന്നു. എന്നാൽ ഇവിടെ ഇന്നുള്ളത് പോലെ ക്ഷേത്രം പണിതത്തിന് പിന്നിൽ ഒരുപിടി കഥകൾ പ്രചാരണത്തിലുണ്ട്. ഒരിക്കൽ, പ്രദേശത്ത് താമസിച്ചിരുന്ന ഒരു ചൈനീസ് പൗരൻ ഒരു സ്വപ്നം കാണുന്നു, പ്രദേശത്ത് ഒരു കാളി ക്ഷേത്രം പണിയുന്നതായിരുന്നു ആ സ്വപ്‍നം. അന്ന് ആ മനുഷ്യൻ കണ്ട സ്വപ്നത്തെ കുറിച്ച് മറ്റു ചൈനിസ്സ് പൗരന്മാരോട് പങ്കുവയ്ക്കുന്നു. അതോടെ എല്ലാവരും ഒരുമിച്ച് കാളി ക്ഷേത്രം പണിയുവാൻ തിരുമാനിക്കുന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന മറ്റൊരു കഥ ഇങ്ങനെയാണ്, ഒരു ചൈനീസ് ആൺകുട്ടിക്ക് ഗുരുതരമായ രോഗം ബാധിക്കുന്നു. എന്തൊക്കെ ചെയ്തിട്ടും രോഗം വിട്ടുമാറുന്നില്ല. അതോടെ കുട്ടിയുടെ മാതാപിതാക്കൾ കാളീമാതാവിന്റെ സങ്കൽപത്തിൽ ആരാധിച്ചിരുന്ന ആ കല്ലിന്റെ അടുത്ത് എത്തിച്ച പ്രാർത്ഥിക്കുന്നു. അത്ഭുതം എന്നവണ്ണം കുട്ടിയുടെ രോഗം ഭേദമാകുന്നു. മകന്റെ ജീവൻ രക്ഷിച്ച ആ ശക്തിയിൽ പൂർണ്ണമായി വിശ്വസിച്ച ആ കുടുംബവും ഇവിടെ ക്ഷേത്രം പണിഞ്ഞു എന്നാണ് വിശ്വസിക്കുന്നത്.

 ബംഗാളി, ചൈനീസ് സമുദായങ്ങളിലെ മനുഷ്യർ ഒരുമിച്ചാണ് ക്ഷേത്രം നിർമ്മിച്ചത്. ഹൈന്ദവ വിശ്വാസികളെ പോലെ ചൈനക്കാർക്കും ഈ ക്ഷേത്രം ഏറെ പവിത്രമായ ഒരിടമാണ്. ചൈനീസ് കാളി ക്ഷേത്രം വെറുമൊരു ആരാധനാലയം മാത്രമല്ല. രണ്ട് വ്യത്യസ്ത സംസ്കാരങ്ങൾ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഒത്തുചേരുന്ന ഇടം കൂടിയാണ്.

Summary: The Chinese Kali Temple in Tangra, Kolkata is a rare blend of Indian devotion and Chinese traditions. Here, devotees offer noodles, chop suey, and sticky rice as prasadam instead of the usual sweets. With incense replaced by Chinese joss sticks, the temple stands as a symbol of two cultures uniting in faith.

Related Stories

No stories found.
Times Kerala
timeskerala.com