ഈ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചാൽ വിസ ഉറപ്പ്, സംഭാവനകളോ ഭണ്ഡാരപ്പെട്ടിയോ ഇല്ലാത്ത ക്ഷേത്രം; അറിയാം വിസ പ്രശ്നങ്ങൾ അകറ്റുന്ന ചിൽകൂർ ബാലാജി ക്ഷേത്രത്തെ കുറിച്ച്| Chilkur Balaji Temple 

 Chilkoor Balaji Temple
Published on

നമ്മൾ ഇന്ത്യക്കാരെ സംബന്ധിച്ചടുത്തോളം ഭക്തി നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഒരുതരത്തിലും അവഗണിക്കാൻ കഴിയാത്ത ഒരു ഘടകം കൂടിയാണ് ഭക്തി. ഇത് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഒതുങ്ങുന്നില്ല. പരീക്ഷയിൽ ജയിക്കാനും വിവാഹം നടക്കാനും, രോഗം മാറാനും എന്തിനേറെപ്പറയുന്നു ലോട്ടറി അടിക്കാനും പ്രതേക വഴിപാടുകൾ വരെയുണ്ട്. ഏതൊരു ഭൗതിക പ്രശനങ്ങളിലും നാം ആത്മീയമായി പരിഹാരം കണ്ടെത്തുവാൻ ശ്രമിക്കുന്നു. അത്തരത്തിൽ, വിദേശയാത്രക്ക് ഒരുങ്ങുന്ന ഏതൊരു വ്യക്തിയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വിസ പ്രശനങ്ങൾ. ഈ വിസ പ്രശനങ്ങളെയൊക്കെ അകറ്റുന്ന ഒരു ക്ഷേത്രം നമ്മുടെ രാജ്യത്ത് ഉണ്ട്. അങ്ങ് ഹൈദരാബാദിലാണ് വിസ വിഘ്‌നങ്ങൾ ഇല്ലാതെയാക്കുന്ന വിസ ബാബ ക്ഷേത്രമുള്ളത് (Visa Baba Temple).

വിസ പ്രശ്നങ്ങൾ അകറ്റുന്ന ക്ഷേത്രം

ഹൈദരാബാദിൽ ഉസ്മാൻ സാഗർ തടാകത്തിന്‍റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ചിൽകൂർ ബാലാജി ക്ഷേത്രം (Chilkur Balaji Temple) എന്ന പേരിലും അറിയപ്പെടുന്ന വിസ ബാബ ക്ഷേത്രം വിസ തടസങ്ങൾ അകറ്റുന്നതിൽ പേരുകേട്ട ക്ഷേത്രമാണ്. വെങ്കിടേശ്വര ഭഗവാന്റെ അവതാരമായ ബാലാജിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ചിൽകൂർ ബാലാജി ക്ഷേത്രത്തിൻ്റെ ചരിത്രം ഏതാണ്ട് 500 വർഷത്തോളം പഴക്കമുള്ളതാണ്. വിസ തടസങ്ങൾ നീങ്ങുവാൻ വിദൂര ദേശങ്ങളിൽ നിന്നും ഭക്തർ ഇവിടേക്ക് എത്തുന്നു. വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഉളപ്പടെ നിരവധി വിശ്വാസികളാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. ക്ഷേത്രത്തിലെ ശ്രീകോവിലിന് ചുറ്റും പതിനൊന്ന് തവണ പ്രദക്ഷിണം വച്ച് ആഗ്രഹങ്ങൾ സഫലമാക്കാൻ പ്രാർത്ഥിച്ചാൽ മതിയത്രെ. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന ഭക്തരുടെ ആഗ്രഹങ്ങൾ ബാലാജി നിറവേറ്റും എന്നാണ് വിശ്വാസം. വിസയ്ക്ക് അപേക്ഷിച്ച ശേഷം ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചാൽ മതി. വിസ തടങ്ങളൊക്കെ നീങ്ങി, ഭക്തർക്ക് വിദേശ യാത്ര ചെയുവാൻ കഴിയും എന്നാണ് വിശ്വാസം. പ്രാർത്ഥനയ്ക്ക് ഫലമുണ്ടായാൽ, വിസ ലഭിച്ച ശേഷം, ഭക്തൻ ക്ഷേത്രത്തിൽ തിരിക്കെയെത്തി ശ്രീകോവിലിന് ചുറ്റും 108 തവണ പ്രദക്ഷിണം വയ്ക്കണം. ഇത് ഭഗവാനോട് നന്ദി അറിയിക്കുന്നതാണ്. കഠിനമായ ഈ പ്രദക്ഷിണം മണിക്കൂറുകൾ നീണ്ടു നിന്നേക്കാം. 108 പ്രദക്ഷിണം പൂർത്തിയാക്കിയാലേ വഴിപാട് പൂർണമാവുകയുള്ളൂ എന്നാണ് വിശ്വാസം.

ഹൈദരാബാദിലെ ഏതാനം എൻജിനീയറിങ് വിദ്യാർഥികൾ അവരുടെ വിസ അപേക്ഷകൾ നിരസിക്കപ്പെട്ടപ്പോൾ ബാലാജി ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചുവെന്നും തുടർന്ന് വിസ തടസങ്ങൾ എല്ലാം തന്നെ നീങ്ങി അവർക്ക് ആഗ്രഹിച്ചത് പോലെ തന്നെ വിദേശത്ത് പോകുവാൻ കഴിഞ്ഞു എന്നാണ് പറയപ്പെടുന്നത്. ഈ വാർത്ത പെട്ടാണ് പലരുടെയും ചെവികളിൽ എത്തുന്നത്, അതോടെ ക്ഷേത്രത്തിലേക്ക് വിസ തടസങ്ങൾ നേരിടുന്നവർ ഒഴുകിയെത്താൻ തുടങ്ങി. ആദ്യം ഒരാൾക്ക് വിസ ലഭിച്ചപ്പോൾ അത് ഭാഗ്യം കൊണ്ടാണ്, രണ്ടാമത്തെ വ്യക്തിക്ക് വിസ കിട്ടിയപ്പോൾ തീർത്തും ആകസ്മികത മാത്രം, എന്നാൽ നൂറുകണക്കിന് വ്യക്തികളുടെ വിസ തടസങ്ങൾ നീങ്ങിയപ്പോൾ ഒരുകാര്യം ഉറപ്പിച്ചു, ഇത് ബാലാജിയുടെ അനുഗ്രഹമാണ്. അതോടെ ചിൽകൂർ ബാലാജി ക്ഷേത്രത്തിന് വിസ ബാബ ക്ഷേത്രം എന്ന് പേര് കൂടി ലഭിക്കുന്നു.

സംഭാവനകളോ ഭണ്ഡാരപ്പെട്ടിയോ ഇല്ലാത്ത ക്ഷേത്രം

ബാലാജി ക്ഷേത്രത്തെ നമ്മുടെ രാജ്യത്തെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ ചില പ്രതേകതകളാണ്. മറ്റു ക്ഷേത്രങ്ങളിലെ പോലെ ഈ ക്ഷേത്രത്തിൽ ഭണ്ഡാരപ്പെട്ടിയില്ല . കേൾക്കുമ്പോൾ ഒരൽപം ആശ്ചര്യം തോന്നിയേക്കാം, കേട്ടത് ശെരിയാണ് ഈ ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയില്ല. ഇത് മാത്രമല്ല ദാനവും വഴിപാടും കർശനമായി ഈ ക്ഷേത്രത്തിൽ നിരോധിച്ചിരിക്കുന്നു. പണമായുള്ള ഒരു വഴിപാടും ഇവിടെ സ്വീകരിക്കുകയില്ല. ഭക്തരുടെ ഭക്തി മാത്രമാണ് ഇവിടെ ദൈവത്തിനുള്ള സമർപ്പണം. സ്വർണ്ണം പൂശിയ മണ്ഡപങ്ങളും ക്ഷേത്രത്തിൽ ഇല്ല. ഈ ക്ഷേത്രത്തെ കുറിച്ച് പറയുമ്പോൾ എടുത്ത് പറയേണ്ടിവരും ഇവിടുത്തെ ക്യൂവിനെ പറ്റി. ക്ഷേത്രം സന്ദർശിക്കാനായി എത്തുന്ന എല്ലാ ഭക്തർക്കും ഒരു ക്യൂവേ ഇവിടെയുള്ളു. ഇനി എത്ര വലിയ വിഐപി വന്നാലും സാധാരണക്കാരനൊപ്പം നിന്ന് വേണം ഭഗവാനെ ദർശിക്കാൻ. മുഖ്യമന്ത്രിയായാലും സാധാരണ വിദ്യാർഥിയായാലും എല്ലാവർക്കും ഇത് ബാധകമാണ്. സമത്വമെന്ന തത്വത്തിൽ ഉറച്ചു നിൽക്കുന്ന ഈ ക്ഷേത്രം വാണിജ്യവത്കരണത്തിൽ നിന്നും രാഷ്ട്രീയ ഇടപെടലുകളിൽ നിന്നും സ്വതന്ത്രമാണ്.

Summary: Chilkur Balaji Temple, also known as the Visa Balaji Temple, is located near Osman Sagar Lake in Hyderabad, Telangana. Famous for helping devotees overcome visa-related obstacles, it attracts thousands of visitors from across India. The temple is unique as it does not accept donations or have a hundi, emphasizing pure faith and devotion.

Related Stories

No stories found.
Times Kerala
timeskerala.com