മുംബൈ: പതിനേഴോളം കുട്ടികളെയും രണ്ട് മുതിർന്നവരേയും ബന്ദികളാക്കി മണിക്കൂറുകളോളം മുംബൈ നഗരത്തെ മുൾമുനയിൽ നിർത്തിയ പ്രതിയുടെ ലക്ഷ്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട കുടിശ്ശിക ലഭിക്കാത്തതാണ് ഇത്തരമൊരു കടുംകൈയിലേക്ക് പ്രതിയെ നയിച്ചതെന്നാണ് ഇയാളുടെ ഭാര്യയും പോലീസ് വൃത്തങ്ങളും നൽകുന്ന സൂചന.(Children held hostage for Rs 2 crore government dues, Accused said he was cheated)
സർക്കാരിൽനിന്ന് ലഭിക്കേണ്ട രണ്ട് കോടി രൂപയ്ക്ക് വേണ്ടിയാണ് പ്രതി കുട്ടികളെ ബന്ദികളാക്കിയതെന്നാണ് റിപ്പോർട്ട്. കുട്ടികളെ ബന്ദികളാക്കിയ രോഹിത് ആര്യ എന്നയാളാണ് കൊല്ലപ്പെട്ടത്. 'മാജി ശാല, സുന്ദർ ശാല' എന്ന സ്കൂൾ വികസന പദ്ധതിയുടെ ക്രെഡിറ്റ് സർക്കാർ നിഷേധിച്ചുവെന്നാരോപിച്ച് ഇയാൾ നേരത്തെ പ്രതിഷേധിച്ചിരുന്നു.
പ്രതി കുട്ടികളെ ബന്ദികളാക്കിക്കൊണ്ട് പുറത്തുവിട്ട വീഡിയോയിൽ തന്റെ ആവശ്യങ്ങൾ കൃത്യമായി വ്യക്തമാക്കിയിരുന്നില്ല. പുറത്തുവിട്ട വീഡിയോയിൽ ചിലരോട് തനിക്ക് സംസാരിക്കാനുണ്ടെന്നും അവരുടെ മറുപടിക്കും ചോദ്യങ്ങൾക്കും മറുചോദ്യങ്ങളുണ്ടെന്നും ആര്യ പറഞ്ഞിരുന്നു.
ആര്യ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ തനിക്ക് പണം വേണ്ടെന്നും ചില ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്നും പറഞ്ഞിരുന്നു. എന്നാൽ, തന്റെ ആവശ്യങ്ങളുടെ കൃത്യമായ സ്വഭാവമോ പ്രവൃത്തികൾക്ക് പിന്നിലെ ഉദ്ദേശ്യമോ ഇയാൾ വീഡിയോയിൽ വ്യക്തമാക്കിയില്ല. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച്, സർക്കാരുമായി ബന്ധപ്പെട്ട പദ്ധതിയെച്ചൊല്ലിയുള്ള സാമ്പത്തിക തർക്കം പരിഹരിക്കാനായിരുന്നു കുട്ടികളെ ബന്ദികളാക്കിക്കൊണ്ടുള്ള വിലപേശൽ എന്നാണ് വിവരം.