മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടികൾ മരിച്ചു ; മരുന്ന് സുരക്ഷിതമെന്ന് തെളിയിക്കാൻ കഴിച്ച ഡോക്ടർ അബോധാവസ്ഥയിൽ |medicine death
ജയ്പൂർ: രാജസ്ഥാനിൽ ചുമ മരുന്ന് കഴിച്ച് രണ്ട് കുട്ടികൾ മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സിറപ്പ് കഴിച്ച 10 കുട്ടികളാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയത്. സികാർ ജില്ലയിൽ നിന്നുള്ള നിതീഷ് എന്ന അഞ്ചുവയസ്സുകാരനും സാമ്രാട്ട് ജാദവ് എന്ന രണ്ടുവയസ്സുകാരനുമാണ് ചുമമരുന്ന് കഴിച്ചതിനു പിന്നാലെ മരിച്ചത്.
മരുന്ന് സുരക്ഷിതമെന്ന് തെളിയിക്കാൻ ഒരു ഡോസ് കഴിച്ച ഡോക്ടറെ എട്ട് മണിക്കൂറിന് ശേഷം കാറിൽ ബോധരഹിതനായി കാണപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലാക്കി.കേസൺ ഫാർമ(Kayson Pharma) നിർമിച്ച കഫ്സിറപ്പാണ് ആശങ്ക പരത്തിയിരിക്കുന്നത്. ഡെക്സ്ട്രോമെതോർഫൻ ഹൈഡ്രോബ്രൊമൈഡ് എന്ന സംയുക്തം അടങ്ങിയ ചുമ മരുന്ന് കഴിച്ചാണ് തിങ്കളാഴ്ച അഞ്ചുവയസ്സുകാരൻ മരിച്ചത്. മരുന്ന് കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മരണം സംഭവിക്കുകയായിരുന്നു.
സികാർ ജില്ലയിലെ നിതിൻ എന്ന അഞ്ച് വയസുകാരനെ ചുമയും ജലദോഷവും മൂലമാണ് മാതാപിതാക്കൾ ഞായറാഴ്ച രാത്രി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം രാത്രി 11.30നാണ് കുട്ടിക്ക് കഫ് സിറപ്പ് നൽകിയത്. പുലർച്ചെ മൂന്ന് മണിയോടെ എണീറ്റ കുട്ടിക്ക് അമ്മ വെള്ളം നൽകി. വീണ്ടും ഉറങ്ങിയ കുട്ടി പിന്നെ ഉണർന്നില്ല. തിങ്കളാഴ്ച രാവിലെയോടെ കുട്ടിയെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
അഞ്ചുവയസ്സുകാരന്റെ മരണം പുറത്തുവന്നതോടെ മറ്റൊരു രണ്ടുവയസ്സുകാരനും സമാന സാഹചര്യത്തിൽ മരിച്ച വാർത്ത പുറത്തുവന്നിരിക്കുകയാണ്. സാമ്രാട്ട്, സഹോദരി സാക്ഷി, കസിൻ വിരാട് എന്നിവർക്ക് ഒരുമിച്ചാണ് ചുമയും ജലദോഷവും വന്നത്. സെപ്റ്റംബർ 22ന് മാതാവ് മൂന്ന് കുട്ടികളെയും ഹെൽത്ത് സെന്ററിൽ കൊണ്ടുപോയി. അവിടെ നിന്ന് കൈസൺ ഫാർമയുടെ കഫ് സിറപ്പ് നൽകി. അഞ്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടികൾ എഴുന്നേൽക്കാത്തതിനെ തുടർന്ന് മാതാവ് മൂന്നുപേരെയും തട്ടിവിളിച്ചു. സാക്ഷിയും വിരാടും ഉണർന്ന ഉടൻ ഛർദിച്ചു. എന്നാൽ സാമ്രാട്ട് അബോധാവസ്ഥയിൽ തുടരുകയായിരുന്നു. സാമ്രാട്ടിനെ ഭരത്പൂരിലെ ആശുപത്രിയിലും പിന്നീട് ജയ്പൂരിലെ ജെകെ ലോൺ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള എട്ട് കുട്ടികളെയാണ് രാജസ്ഥാനിൽ സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുമ മരുന്നിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ രാജസ്ഥാൻ സർക്കാർ പ്രസ്തുത സിറപ്പിന്റെ 22 ബാച്ചുകൾ വിലക്കുകയും മരുന്നിന്റെ വിതരണം മരവിപ്പിക്കുകയും ചെയ്തു. ശ്വാസതടസ്സത്തിനും അമിതക്ഷീണത്തിനും കാരണമായ ചുമ മരുന്നിന്റെ വിതരണം വിലക്കിയെന്ന് ബൻസ്വാരയിലെ മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിലെ ശിശുരോഗവിദഗ്ധൻ ഡോ. പ്രദ്യുമൻ ജെയ്ൻ പറഞ്ഞു. മരുന്നിന്റെ ഡോസ് കൂടിപ്പോയതാവാം കാരണമെന്നും ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.