
ന്യൂഡൽഹി: കുട്ടികളില്ലാത്ത മുസ്ലിം വിധവക്ക് ഭർത്താവിന്റെ സ്വത്തിൽ നാലിലൊന്ന് (1/4) വിഹിതത്തിന് മാത്രമേ അർഹതയുള്ളൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്വത്തിന്റെ നാലിൽ മൂന്ന് ഭാഗവും തനിക്ക് ലഭിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ചാന്ദ് ഖാന്റെ വിധവ സുഹർബി നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ബോംബെ ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ചാന്ദ് ഖാൻ ജീവിച്ചിരിക്കെ, എസ്റ്റേറ്റ് സ്വത്തിന്റെ ഒരു ഭാഗം വിൽക്കാൻ സഹോദരൻ കരാറുണ്ടാക്കിയിരുന്നതിനാൽ വിധവക്ക് അതിൽ അവകാശമില്ലെന്ന സഹോദരന്റെ വാദം സുപ്രീംകോടതി തള്ളി. വിൽപനയ്ക്ക് കരാറുണ്ടാക്കി എന്നതുകൊണ്ട് മാത്രം ആ സ്വത്തിൽ പരാതിക്കാരിക്കുള്ള അനന്തരാവകാശം ഇല്ലാതാവില്ലെന്ന് കോടതി വ്യക്തമാക്കി. വിൽക്കാനുള്ള കരാർ ഉടമസ്ഥാവകാശം സൃഷ്ടിക്കുന്നില്ലെന്ന അപ്പീൽ കോടതിയുടെയും ഹൈക്കോടതിയുടെയും കണ്ടെത്തൽ സുപ്രീം കോടതി അംഗീകരിച്ചു.
കുട്ടികളില്ലാതെ മരിച്ച ചാന്ദ് ഖാന്റെ എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് കേസ് ഉടലെടുത്തത്. താൻ പ്രാഥമിക അവകാശിയാണെന്ന് വാദിച്ച് വിധവയായ സുഹർബി സ്വത്തിന്റെ മൂന്നിൽ ഒരു ഭാഗത്തിന് അവകാശവാദമുന്നയിച്ചിരുന്നു. എന്നാൽ, എസ്റ്റേറ്റിന്റെ ഒരു ഭാഗം വിൽപന കരാറിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതാണെന്നും, അതിനാൽ സുഹർബിയെ അനന്തരാവകാശത്തിൽനിന്ന് ഒഴിവാക്കണമെന്നുമായിരുന്നു സഹോദരന്റെ വാദം.
വിചാരണ കോടതി സഹോദരന്റെ വാദം അംഗീകരിച്ചെങ്കിലും, അപ്പീൽ കോടതിയും ഹൈക്കോടതിയും ഇത് തള്ളി. തുടർന്ന്, സ്വത്തിന്റെ നാലിൽ മൂന്ന് വിഹിതവും തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് സുഹർബി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.