

ഹൂഗ്ലി: കൊൽക്കത്തയ്ക്ക് സമീപമുള്ള ഹൂഗ്ലിയിൽ, മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പിറ്റേദിവസം റെയിൽവേയുടെ അഴുക്കുചാലിന് സമീപം രക്തത്തിൽ കുളിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.(Child sleeping with her grandmother was taken away and sexually assaulted)
താർക്കേശ്വറിലെ റെയിൽവേ ഷെഡ്ഡിൽ, കൊതുകുവലയ്ക്കുള്ളിൽ കട്ടിലിൽ മുത്തശ്ശിക്കൊപ്പമാണ് ബഞ്ചാര സമുദായത്തിൽപ്പെട്ട കുട്ടി ഉറങ്ങിയിരുന്നത്. കുട്ടിയുടെ കൊതുകുവല മുറിച്ചാണ് അക്രമി അവളെ എടുത്തുകൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചു. "പുലർച്ചെ നാലുമണിയോടെ ആരോ അവളെ എടുത്തുകൊണ്ടുപോയി. എപ്പോഴാണ് അവളെ കൊണ്ടുപോയതെന്ന് ഞാൻ അറിഞ്ഞതുപോലുമില്ല. അവർ കൊതുകുവല മുറിച്ച് അവളെ കൊണ്ടുപോവുകയായിരുന്നു.
വീടുകൾ തകർക്കപ്പെട്ടതിനാൽ തെരുവിൽ താമസിക്കേണ്ടി വന്നതിനാലാണ് ഈ ദുരന്തം സംഭവിച്ചതെന്നും കുട്ടിയുടെ കുടുംബം വേദനയോടെ കൂട്ടിച്ചേർത്തു. പിറ്റേന്ന് ഉച്ചയ്ക്ക് താർക്കേശ്വർ റെയിൽവേയുടെ അഴുക്കുചാലിന് സമീപം രക്തത്തിൽ കുളിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ഹൂഗ്ലി റൂറൽ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
നിലവിൽ ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി താർക്കേശ്വർ ഗ്രാമീൺ ആശുപത്രിയിൽ ചികിത്സയിലാണ്. പോക്സോ പ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, കേസിൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ മനഃപൂർവം താമസിച്ചു എന്ന് ആരോപിച്ച് ബി.ജെ.പി. മമത ബാനർജി സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.