ബെത്തിയ: ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ പട്ടാപ്പകൽ പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം (Child Abduction Case). ബെത്തിയ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇലം റാം ദ്വാർദേവി ചൗക്കിൽ ശനിയാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നവിയുൽ ഹഖിന്റെ മകൻ മുഹമ്മദ് നവിയെയാണ് (10) തട്ടിക്കൊണ്ടുപോകാൻ അക്രമിസംഘം ശ്രമിച്ചത്. പഴയ വീട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയെ നാലംഗ സംഘം ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
കുട്ടി ഉറക്കെ നിലവിളിച്ചതോടെ രക്ഷിക്കാനായി എത്തിയ മൂത്ത സഹോദരങ്ങളായ ആർസു നവി (15), സമീർ നവി (14) എന്നിവരെ അക്രമികൾ ക്രൂരമായി മർദ്ദിച്ചു. ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഇതിനിടെ പരിക്കേറ്റ ആർസുവിന്റെ പോക്കറ്റിലുണ്ടായിരുന്ന 15,000 രൂപയും തട്ടിയെടുത്ത ശേഷമാണ് അക്രമിസംഘം സ്ഥലം വിട്ടത്. പരിക്കേറ്റ സഹോദരങ്ങൾ ബെത്തിയ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ് നവി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവത്തിൽ കുട്ടികളുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ പിടികൂടാനായി തിരച്ചിൽ ശക്തമാക്കിയെന്നും നഗർ പോലീസ് സ്റ്റേഷൻ ഇൻചാർജ് മനോജ് കുമാർ സിംഗ് അറിയിച്ചു. പട്ടാപ്പകൽ തിരക്കേറിയ സ്ഥലത്തുണ്ടായ അക്രമം പ്രദേശവാസികൾക്കിടയിൽ വലിയ ഭീതി പരത്തിയിട്ടുണ്ട്.
An attempt to kidnap a 10-year-old boy in broad daylight failed in Bihar’s Bettiah, but left his two older brothers seriously injured. The incident occurred when Mohammad Navi (10) was intercepted by a gang while walking between his houses. When his brothers, Arzoo (15) and Sameer (14), rushed to his rescue, they were brutally attacked and robbed of ₹15,000. Police have registered an FIR based on the mother’s complaint and launched a manhunt for the identified suspects.