ബിഹാർ : ബിഹാർ ബിജെപിക്ക് വഴങ്ങി മുഖ്യമന്ത്രി നിതീഷ് കുമാർ. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്ക് ആഭ്യന്തര വകുപ്പ് നൽകി. കഴിഞ്ഞ 20 വർഷമായി നിതീഷ് കുമാറായിരുന്നു ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് പിന്നാലെ ആഭ്യന്തര വകുപ്പ് ഉൾപ്പെടെ മന്ത്രിമാരുടെ ചുമതലകൾ സംബന്ധിച്ച് വ്യക്തത വരുത്തുകയായിരുന്നു നിതീഷ് കുമാർ.
വിജയ് കുമാർ സിൻഹയ്ക്ക് മൈൻ ആൻഡ് ജിയോളജി വകുപ്പിനൊപ്പം ലാൻഡ്, റവന്യൂ വകുപ്പും ലഭിച്ചു. മംഗൾ പാണ്ഡെ ആരോഗ്യ, നിയമ വകുപ്പുകളുടെ ചുമതല വഹിക്കും, ദിലീപ് ജയ്‌സ്വാളിനെ വ്യവസായ മന്ത്രിയായി നിയമിച്ചു.കല, സാംസ്കാരിക, യുവജനകാര്യ വകുപ്പുകളും ടൂറിസം വകുപ്പിന്റെ ചുമതലയും അരുൺ ശങ്കർ പ്രസാദിനാണ്.
സുരേന്ദ്ര മേത്ത മൃഗ-മത്സ്യ വിഭവ വകുപ്പും, നാരായൺ പ്രസാദ് ദുരന്ത നിവാരണ വകുപ്പും രാമ നിഷാദ് പിന്നോക്ക-അതിപിന്നോക്ക വിഭാഗ ക്ഷേമ വകുപ്പും കൈകാര്യം ചെയ്യും. പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് ഖേദർ പാസ്വാനാണ്. ഇൻഫർമേഷൻ ടെക്നോളജി, കായിക വകുപ്പ് മന്ത്രിയായി ശ്രേയസി സിങും സഹകരണ, പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രിയായി പ്രമോദ് ചന്ദ്രവംശിയും പ്രവർത്തിക്കും.