
സൃഷ്ടിയുടെയും സംഹാരത്തിന്റെയും ബ്രഹ്മാണ്ഡത്തിന്റെയും അധിപനാണ് പരമശിവൻ. പരബ്രഹ്മം ആണ് പരമശിവൻ. ശിവ ഭഗവാന്റെ ആരാധനയ്ക്കായി ഇന്ത്യയിൽ ഉടനീളം ഒട്ടനവധി ശിവക്ഷേത്രങ്ങളുണ്ട്. ഇവയിൽ ഏറെ പ്രസിദ്ധമാണ് തമിഴ്‌നാട്ടിലെ ചിദംബരം ശ്രീ നടരാജ ക്ഷേത്രം (Chidambaram Nataraja Temple). ഭഗവാനെ ആരാധിക്കുന്നവരുടെ അഭയകേന്ദ്രമാണ് ഈ ക്ഷേത്രം. പഞ്ചഭൂത സ്ഥാനങ്ങളിൽ ഒന്നാണ് നടരാജ ക്ഷേത്രം.
ശിവഭഗവാന്റെ നടരാജരൂപമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. 'തില്ലൈ നടരാജ ക്ഷേത്രം' എന്ന പേരിലും ക്ഷേത്രം അറിയപ്പെടുന്നു. ക്ഷേത്രം സ്ഥിതി ചെയുന്ന പട്ടണത്തിന്റെ പഴയകാല പേര് 'തില്ലൈ' എന്നായിരുന്നു. ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ അറിയപ്പെടുന്നത് 'ചിദംബരം' എന്നാണ്. 'ജ്ഞാനത്തിന്റെ അന്തരീക്ഷം' അല്ലെങ്കിൽ 'ചിന്തയിൽ അലിഞ്ഞ' എന്നാണ് ഇതിന്റെ അർത്ഥം. പത്താം നൂറ്റാണ്ടിൽ ചോള ഭരണ കാലത്താണ് ക്ഷേത്രം നിർമ്മിക്കപ്പെടുന്നത്. ചോളർ ശിവനെ നടരാജനായി അവരുടെ കുലദേവനായും കണക്കാക്കിയിരുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവനാണെങ്കിലും വൈഷ്ണവം, ശാക്തേയം തുടങ്ങിയ വിഭാഗംങ്ങളെയും പ്രതിനിധീകരിക്കുന്നു. അഗ്നിമൂല എന്ന് അറിയപ്പെടുന്ന ഇവിടെ ശിവ ഭഗവാന്‍ അഗ്നിജ്വാലയുടെ രൂപത്തിലാണ് ക്ഷേത്രത്തിൽ കുടികൊള്ളുന്നത് എന്നാണ് വിശ്വാസം.
ക്ഷേത്രത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന് ആഭരണങ്ങൾ കൊണ്ട് അലങ്കരിച്ച നടരാജന്റെ വിഗ്രഹമാണ്. ആനന്ദ താണ്ഡവം എന്നറിയപ്പെടുന്ന ആനന്ദകരമായ നൃത്തരൂപത്തിലാണ് ഭഗവാന്റെ പ്രതിഷ്‌ഠ. അജ്ഞതയെ പ്രതിനിധീകരിക്കുന്ന ഒരു രാക്ഷസശരീരത്തിൽ ഭഗവാന്റെ ഒരു കാൽ ഉറപ്പിച്ചു വച്ചിരിക്കുന്നു. നടരാജന്റെ ഇടതു കണ്ണ് സൂര്യനെയും, വലതു കണ്ണ് ചന്ദ്രനെയും, മൂന്നാം കണ്ണ് അഗ്നിയെയും സൂചിപ്പിക്കുന്നു. ശിവന്റെ ആടുന്ന കമ്മലുകൾക്ക് പോലും ഒരു അർത്ഥമുണ്ട്. ഇടത് പുരുഷനെയും വലതു സ്ത്രീയെയും സൂചിപ്പിക്കുന്നു. മുടിയിൽ അലങ്കരിച്ച ചന്ദ്രക്കല സൗന്ദര്യത്തെയും ദാനത്തെയും സൂചിപ്പിക്കുന്നു, അതേസമയം ശിവഭഗവാന്റെ മുടിയിലൂടെ ഒഴുകുന്ന ഗംഗ ജീവിതത്തിന്റെ നിത്യതയെ സൂചിപ്പിക്കുന്നു. ഇവിടെ ശിവനെ തില്ലൈ കൂത്തൻ (തില്ലൈ അല്ലെങ്കിൽ ചിദംബരത്തിന്റെ നർത്തകൻ) അല്ലെങ്കിൽ ശബപതി (വേദിയുടെ പ്രഭു) എന്നും അറിയപ്പെടുന്നു.
പുണ്ഡരീകപുരം, വ്യാഘ്രപുരം, സിറാംപുരം, പുലിയൂർ, ചിത്രകൂടം എന്നിങ്ങനെ വിവിധ പേരുകളിൽ പുരാതന ഗ്രന്ഥങ്ങളിൽ ഉടനീളം ക്ഷേത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. ഭരത മുനിയുടെ നാട്യശാസ്ത്രത്തിലെ 108 കരണങ്ങളും ക്ഷേത്ര ചുമർ കൊത്തുപണികളിൽ പ്രദർശിപ്പിക്കുന്നു, കൂടാതെ ഈ കരണങ്ങൾ ഇന്ത്യൻ ക്ലാസിക്കൽ നൃത്തമായ ഭരതനാട്യത്തിന്റെ അടിത്തറയായി മാറിയിരുന്നു. ക്ഷേത്രം വിശാലമായ സമുച്ചയത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. 9 പ്രവേശന കവാടങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിലെ പടിഞ്ഞാറൻ ഗോപുരമാണ് ആദ്യം നിർമ്മിച്ചത്. ഭരതനാട്യത്തിലെ 108 കരണങ്ങൾ കൊത്തിവെച്ചിരിക്കുന്നത് കിഴക്കൻ ഗോപുരങ്ങളിലാണ്. ഇതിലെ ഓരോ ക്ഷേത്ര ഗോപുരത്തിലും 50 ശില്പങ്ങൾ ഉൾകൊള്ളുന്നു. ഭാരത മുനിയുടെ നാട്യശാസ്ത്രം പ്രകാരം രേഖപ്പെടുത്തിയ ഈ ഭാവങ്ങളും ആസനങ്ങളുമാണ് പിന്നീട് ഭരതനാട്യം എന്ന ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്‍റെ അടിത്തറയായി മാറിയത്.
കനകസഭ, ചിത് സഭ, നൃത്ത സഭ, ദേവ സഭ, രാജ സഭ എന്നിങ്ങനെ ക്ഷേത്രത്തിൽ അഞ്ച് പ്രധാന സഭകളാണുള്ളത്. ക്ഷേത്രത്തിൽ ശിവനെ ഒരു വെങ്കല പ്രതിഷ്ഠയിലാണ് ആരാധിക്കുന്നത്. ഏകദേശം 4 അടി ഉയരമുള്ള നടരാജ വിഗ്രഹം ചോളരുടെ കൊത്തുപണികളുടെ നൈപുണ്യത്തെ ചൂണ്ടികാട്ടുന്നു. ഭക്തരുടെ വിശ്വാസപ്രകാരം, നടരാജൻ്റെ ആനന്ദതാണ്ഡവം ലോകസൃഷ്ടിയുടെയും സംസ്കാരത്തിന്റെയും തുടർച്ചയുടെയും പ്രതീകമാണ്. ക്ഷേത്രത്തിലെ ആയിരംകാലുകളുള്ള നൃത്ത മന്ദിരം ഭാരതമൊട്ടാകെ കേഴ്‌വികേട്ടതാണ്. ഇവിടെ നൃത്തം അവതരിപ്പിക്കുന്നതിനാല്‍ നടരാജ മൂര്‍ത്തിയുടെ അനുഗ്രഹം ലഭ്യമാവുമെന്നാണ് നൃത്തോപാസകര്‍ കരുതുന്നത്.
Summary: The Chidambaram Nataraja Temple in Tamil Nadu, is one of the most revered Shaivite temples in India. Dedicated to Lord Nataraja. The temple is renowned for its architecture, sculptures. Temple is also one of the five Pancha Bhoota Stalas.