

റായ്പുർ: ചത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ രണ്ട് ഏറ്റുമുട്ടലുകളിലായി 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സുക്മ ജില്ലയിൽ 12 പേരും ബിജാപുരിൽ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. മേഖലയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
കിസ്താരം പോലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. മുതിർന്ന മാവോയിസ്റ്റ് നേതാവായ സച്ചിൻ മംഗ്ലു കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. എ.എസ്.പി ആകാശ് ഗിർപുഞ്ചെയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കമാൻഡറും ഈ സംഘത്തിലുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ബിജാപുരിൽ നടന്ന പോരാട്ടത്തിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇവരുടെ പക്കൽ നിന്ന് എസ്.എൽ.ആർ തോക്കുകളും 12 ബോർ റൈഫിളുകളും കണ്ടെടുത്തു.സുക്മയിലെ ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് എകെ-47, ഇൻസാസ് റൈഫിളുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ സുരക്ഷാസേന കണ്ടെടുത്തു.
2025-ൽ ചത്തീസ്ഗഡിൽ ആകെ 285 മാവോയിസ്റ്റുകളാണ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. 2026-ലെ ആദ്യത്തെ പ്രധാന ഓപ്പറേഷനാണിത്. സുക്മ എസ്.പി കിരൺ ചവാന്റെ നേതൃത്വത്തിലുള്ള സംഘം കാട്ടിൽ നിന്ന് മടങ്ങിയെത്തിയാൽ മാത്രമേ കൊല്ലപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.