

ചെന്നൈ: തീവണ്ടികളിൽ യാത്രക്കാരെ ശല്യപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയുമായി ചെന്നൈ റെയിൽവേ ഡിവിഷൻ. കഴിഞ്ഞ ഒൻപത് മാസത്തിനിടെ (2025 ഏപ്രിൽ മുതൽ ഡിസംബർ വരെ) നിയമലംഘനം നടത്തിയവരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് പിഴയായി ഈടാക്കിയത്. യാത്രക്കാരുടെ പരാതികൾ വർധിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്.
ലേഡീസ് കോച്ചുകളിൽ അതിക്രമിച്ചു കയറി യാത്ര ചെയ്ത 868 പുരുഷന്മാരെ റെയിൽവേ പിടികൂടി. ഇവരിൽ നിന്നായി 2.80 ലക്ഷം രൂപ പിഴ ഈടാക്കി. ട്രെയിനുകളിൽ യാത്രക്കാരെ ശല്യപ്പെടുത്തിയ 1,784 ട്രാൻസ്‌ജെൻഡർമാരിൽ നിന്ന് 82,100 രൂപ പിഴ ഈടാക്കിയതായി അധികൃതർ അറിയിച്ചു. റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞ 1.12 ലക്ഷത്തിലധികം ആളുകൾക്കെതിരെ നടപടിയെടുത്തു. ഇവരിൽ നിന്ന് 28.51 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്.
യാത്രക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടാൽ റെയിൽവേയുടെ ടോൾ ഫ്രീ നമ്പറായ 139-ൽ വിളിച്ച് പരാതിപ്പെടാമെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ചെന്നൈ റെയിൽവേ ഡിവിഷൻ അറിയിച്ചു.