

ചെന്നൈ: പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ കാണാനെത്തിയ യുവാവ് സർക്കാർ ആശുപത്രി പരിസരത്ത് വെട്ടേറ്റു മരിച്ചു. ചെന്നൈ കിൽപോക് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സിനിമാ സ്റ്റൈൽ കൊലപാതകം അരങ്ങേറിയത്. രാജമംഗലം സ്വദേശി ആദി (28) ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് ഭാര്യയെ കാണാൻ ആദി ആശുപത്രിയിലെത്തിയത്. ഹെൽമെറ്റ് ധരിച്ചെത്തിയ നാലംഗ സംഘം പോലീസുകാർ നോക്കിനിൽക്കെ ഇയാളെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിന് ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. ആശുപത്രിയിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസുകാരുടെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നതെന്ന് ദൃക്‌സാക്ഷികൾ ആരോപിച്ചു.
പ്രതികളെ പിടികൂടാനായി ഒമ്പത് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നിലവിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയും ചോദ്യം ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണർ എ. അരുൺ അറിയിച്ചു.
അതേസമയം, നഗരത്തിലെ ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ. അണ്ണാമലൈ രംഗത്തെത്തി. പോലീസുകാർ കാവൽ നിൽക്കുമ്പോൾ കൊലപാതകം നടന്നത് അവിശ്വസനീയമാണെന്നും, ഇത്തരം കേസുകൾ സ്വതന്ത്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.