
ഡൽഹി : ഔദ്യോഗിക ആവശ്യങ്ങൾക്ക് ചാറ്റ് ജി.പി.ടി, ഡീപ്സീക്ക് തുടങ്ങിയ എ.ഐ ടൂളുകൾ ഉപയോഗിക്കരുതെന്ന് കർശന നിർദേശം നൽകി കേന്ദ്രം(Chat GPT). ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശക സംഘം, സർക്കാർ ഔദ്യോഗിക രേഖകളുടെ വിവരങ്ങൾ ചോരുമെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് മുഖവിലയ്‌ക്കെടുത്താണ് എ.ഐ ടൂളുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകിയത്.
ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഔദ്യോഗിക വിവരങ്ങൾ ചോരുമെന്ന് ചൂണ്ടിക്കാട്ടി ഡീപ്സീക്ക് ഉപയോഗിക്കുന്നതിൽ നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എ.ഐ ആപ്പുകളും, ടൂളുകളും ഓഫീസ് കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നതിലൂടെ വിവരങ്ങൾ ചോരുകയും സർക്കാരിന്റെ സ്വകാര്യത നഷ്ടപ്പെടുകയും ചെയ്യുമെന്നായിരുന്നു വിശദീകരണം. ബുധനാഴ്ച, ഓപ്പൺ എ.ഐ ചീഫ് സാം ആൾട്മാൻ ഇന്ത്യ സന്ദർശിക്കാൻ ഇരിക്കെയാണ് കേന്ദ്രം ചൊവ്വാഴ്ച ഈ നിർദ്ദേശം പുറത്തിറക്കിയത്.