ന്യൂഡൽഹി: സായുധ സേനയിലെ സേവനം പൂർത്തിയാക്കിയ മുൻ അഗ്നിവീറുകൾക്ക് സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.(Centre instructs states to ensure private security jobs for Agniveers)
സായുധ സേനകളിൽ സേവനം ചെയ്ത കാലയളവിൽ അഗ്നിവീറുകൾക്ക് ലഭിച്ച പരിശീലനവും പരിചയസമ്പത്തും അവരുടെ ഭാവി ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള അടിസ്ഥാനമാണെന്ന് വിലയിരുത്തിയാണ് കേന്ദ്രം ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.
2022 ജൂൺ മാസത്തിലാണ് കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി നടപ്പാക്കിയത്. 17 വയസ്സ് പിന്നിട്ട, 21 വയസ്സ് വരെ പ്രായമുള്ള യുവാക്കൾക്കാണ് നാല് വർഷത്തേക്ക് സൈന്യത്തിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത്.
ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരിൽ 25 ശതമാനം പേരുടെ സേവന കാലാവധി 15 വർഷത്തേക്ക് കൂടി നീട്ടുന്നതാണ് ഉത്തരവ്. ആദ്യ ബാച്ച് അഗ്നിവീറുകളുടെ നാല് വർഷത്തെ സേവനം അടുത്ത വർഷം അവസാനിക്കും.
ബി.എസ്.എഫ്., സി.ഐ.എസ്.എഫ്., അസം റൈഫിൾസ് തുടങ്ങിയ കേന്ദ്ര സായുധ സേനകളിൽ കോൺസ്റ്റബിൾ, റൈഫിൾമാൻ തസ്തികകളിൽ അഗ്നിവീറുകൾക്കായി പത്ത് ശതമാനം സംവരണം നേരത്തെ ഏർപ്പെടുത്തിയിരുന്നു. ഇതിനു പുറമെ, ഇവർക്ക് റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഫിസിക്കൽ ടെസ്റ്റ് ഒഴിവാക്കുകയും ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകുകയും ചെയ്തിട്ടുണ്ട്.