

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച അശ്ലീല ചിത്രങ്ങളും വ്യാജ ഉള്ളടക്കങ്ങളും പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യാത്തതിന് സമൂഹമാധ്യമമായ എക്സിന് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്. സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യതയെ ഹനിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച സർക്കാർ നടപടി സ്വീകരിച്ചത്.
നിയമവിരുദ്ധമായ ഇത്തരം ചിത്രങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും 72 മണിക്കൂറിനുള്ളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.എഐ ഉപയോഗിച്ച് കുട്ടികളുടെ ചിത്രങ്ങൾ ലൈംഗിക ചുവയുള്ള രീതിയിൽ നിർമ്മിക്കപ്പെടുന്നത് തടയാൻ എക്സിന്റെ ഭാഗത്തുനിന്ന് യാതൊരു ശ്രമവും ഉണ്ടാകുന്നില്ലെന്ന് സർക്കാർ കുറ്റപ്പെടുത്തി.
എക്സിന്റെ തന്നെ എഐ സേവനമായ 'ഗ്രോക്' ഇത്തരം അശ്ലീല ഉള്ളടക്കം നിർമ്മിക്കാൻ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന റിപ്പോർട്ടുകളിൽ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി. പ്ലാറ്റ്‌ഫോമുകൾ പാലിക്കേണ്ട 'ഡ്യൂ ഡിലിജൻസ്' (നിയമപരമായ ജാഗ്രത) പാലിക്കുന്നതിൽ എക്സ് പരാജയപ്പെട്ടുവെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വ്യക്തമാക്കി.
ഐടി നിയമത്തിലെ സെക്ഷൻ 79 പ്രകാരം ലഭിക്കുന്ന പരിരക്ഷ (Safe Harbour) നഷ്ടമാകാൻ ഇത്തരം വീഴ്ചകൾ കാരണമായേക്കാമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഇന്ത്യയിൽ എക്സിനെതിരെ കൂടുതൽ കർശനമായ നിയമനടപടികൾ ഉണ്ടായേക്കാം.