ഇന്‍ഡിഗോയ്ക്കെതിരെ നടപടിക്ക് കേന്ദ്ര സർക്കാർ ; സിഇഒയെ പുറത്താക്കിയേക്കും | Indigo flight Issue

ഇന്‍ഡിഗോയ്ക്ക് കനത്ത പിഴ ചുമത്താനും സര്‍ക്കാര്‍ തയാറെടുക്കുകയാണ്.
indigo
Updated on

ഡല്‍ഹി: ഇന്‍ഡിഗൊ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തെ വിമാനയാത്രാ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതിനിടെ തുടര്‍ന്ന് നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സിനെ പുറത്താക്കുന്നത് കേന്ദ്രം പരിഗണിക്കുകയാണെന്ന് റിപ്പോർട്ടുകൾ.ഇന്‍ഡിഗോയ്ക്ക് കനത്ത പിഴ ചുമത്താനും സര്‍ക്കാര്‍ തയാറെടുക്കുകയാണ്.

വ്യോമയാന മന്ത്രാലയം ഇന്‍ഡിഗോ അധികൃതരെ വിളിച്ചുവരുത്തി. ഇൻഡിഗോയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് 850ൽ താഴെ സർവീസുകളാണ് റദ്ദാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു. വെള്ളിയാഴ്ച ആയിരത്തിലേറെ സർവീസുകളാണ് റദ്ദാക്കിയത്.

അതേസമയം, വിമാനയാത്രാ നിരക്കുകള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചു. 500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് പരമാവധി 7500 രൂപ മാത്രമേ ഈടാക്കാവു എന്ന് ഇതില്‍ പറയുന്നു. 1000 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 12,000 രൂപയേ ഈടാക്കാനാകു. അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂടിയതിനെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമാന നിരക്കുകള്‍ക്ക് കേന്ദ്രം പരിധി നിശ്ചയിച്ചിരിക്കുന്നത്.

വിമാന കമ്പനിയില്‍ നിന്ന് നേരിട്ട് ടിക്കറ്റെടുത്താലും മറ്റ് തേര്‍ഡ് പാര്‍ട്ടി സൈറ്റുകള്‍ മുഖേനെ ടിക്കറ്റെടുത്താലും ഈ നിരക്കിന് മുകളില്‍ പോകാന്‍ പാടില്ല എന്നാണ് വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് വളരെ കര്‍ക്കശമായി നടപ്പാക്കണമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. ലംഘിച്ചാല്‍ കര്‍ക്കശമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com