ഡല്‍ഹി ∙ ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ബില്ലിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.
ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാനാണ് നിയമഭേദഗതി. സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയ്മിങ് പരസ്യത്തിൽ അഭിനയിക്കുന്നതു നിരോധിക്കുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്. ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും.
2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന് മീതേ 28 ശതമാനം ജിഎസ്ടി ചുമത്തിയിരുന്നു. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ വിജയിക്കുന്ന തുകയ്ക്ക് 30 ശതമാനം നികുതിയും ചുമത്തിയിരുന്നു. 2022 ഫെബ്രുവരിക്കും 2025 ഫെബ്രുവരിക്കുമിടയില്‍ 1,400-ല്‍ അധികം ബെറ്റിങ്, ചൂതാട്ട വെബ്‌സൈറ്റുകളും ആപ്പുകളുമാണ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്.
ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമല്ല, ഇവയെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇവയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്കും ബില്ലില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്. റജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനും കേന്ദ്രത്തിന് അധികാരമുണ്ട്.കഴിഞ്ഞ മാസം, ബെറ്റിങ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിച്ച സിനിമാതാരങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെയും ഇഡി കേസെടുത്തിരുന്നു. വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, നിധി അഗര്‍വാള്‍, മഞ്ചു ലക്ഷ്മി എന്നീ താരങ്ങള്‍ക്കെതിരെ ആയിരുന്നു കേസ്.