ഡൽഹി : ഇൻഡിഗോക്കെതിരെ നടപടിയുമായി വ്യോമയാന മന്ത്രാലയം. പത്ത് ശതമാനം ഇൻഡിഗോ സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുകയും പ്രതിസന്ധി നേരിടുകയും ചെയ്തതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
നിലവില്‍ വിമാനസര്‍വീസുകള്‍ സാധാരണനിലയിലായെന്നും പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്നും ഇന്‍ഡിഗോ അവകാശപ്പെട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു.
മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ഇൻഡിഗോയ്ക്ക് നിർദേശം നൽകിയെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സൺ വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ ട്വീറ്റ്.