ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. ചെങ്കോട്ടയിലുണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് അദ്ദേഹം ആരോപിച്ചു. "സ്ഫോടനത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രാജി വെക്കണം. മുംബൈ ആക്രമണം നടന്നപ്പോൾ അന്നത്തെ ആഭ്യന്തര മന്ത്രി രാജി വെച്ച ചരിത്രമുണ്ട്. രാജ്യ സുരക്ഷയിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു."(Central government has failed in national security, says KC Venugopal)
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ. സ്ഫോടനത്തെക്കുറിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളെ ചൊല്ലി കോൺഗ്രസ്-ബി.ജെ.പി. വാക്പോര് രൂക്ഷമായി. വിദേശത്ത് നിന്ന് പരിശീലനം ലഭിച്ച് നുഴഞ്ഞു കയറുന്നവരെ കൂടാതെ രാജ്യത്തിനകത്തും ചിലർ ഭീകരരായി മാറുന്ന സാഹചര്യം ഉണ്ടെന്ന ചിദംബരത്തിൻ്റെ പ്രസ്താവനയാണ് ബി.ജെ.പി.യെ ചൊടിപ്പിച്ചത്.
ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ഈ നിലപാട് വീണ്ടും ഓർമ്മിപ്പിച്ച ചിദംബരം, വിദ്യാഭ്യാസമുള്ളവർ ഭീകരരാകുന്ന സാഹചര്യം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തന്ത്രപൂർവം മിണ്ടാതിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചിദംബരത്തിൻ്റെ പ്രസ്താവന ഭീകരരെ വെള്ള പൂശുന്നതിന് തുല്യമാണെന്ന് ബി.ജെ.പി. വിമർശിച്ചു. ഭീകരരെ ഇരകളായി ചിത്രീകരിക്കുന്ന പ്രസ്താവനയിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.
സ്ഫോടനത്തെ അപലപിച്ചുള്ള സി.പി.എം. പോളിറ്റ് ബ്യൂറോയുടെയും ഡൽഹി ഘടകത്തിൻ്റെയും പ്രസ്താവനകളിലെ അന്തരവും രാഷ്ട്രീയ ചർച്ചയായി. തിങ്കളാഴ്ച പുറത്തിറക്കിയ പി.ബി. പ്രസ്താവനയിൽ കേന്ദ്ര സർക്കാരിനെ കാര്യമായി വിമർശിച്ചിരുന്നില്ല. കുറ്റക്കാരെ കണ്ടെത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട് എന്ന് മാത്രമാണ് അതിൽ ഉണ്ടായിരുന്നത്.