

ന്യൂഡൽഹി: രാജ്യത്തെ പുതിയ മൊബൈൽ ഫോണുകളിൽ 'സഞ്ചാർ സാഥി' ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന ഉത്തരവ് വിവാദമായതിന് പിന്നാലെ, ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് സമ്മതിച്ച് കേന്ദ്ര വാർത്താ വിതരണ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി. ആപ്പ് വഴി ലഭിക്കുന്ന വിവരങ്ങൾ സാമ്പത്തിക തട്ടിപ്പ് തടയാൻ ഉപയോഗിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.(Central government explains that information collected through Sanchar Saathi app will be used)
രാജ്യത്ത് സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള നടപടികൾ എളുപ്പത്തിലാക്കുകയാണ് 'സഞ്ചാർ സാഥി' ആപ്പിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു. പുതിയ മൊബൈൽ ഫോണുകളിൽ ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് മൊബൈൽ കമ്പനികളുമായി ചർച്ച നടത്തിയില്ലെന്ന ആരോപണം ചന്ദ്രശേഖർ പെമ്മസാനി തള്ളി. എന്നാൽ, ഈ ചർച്ചയിൽ ആപ്പിൾ കമ്പനി പങ്കെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഷണം പോയ ഫോൺ കണ്ടെത്തുക, സിം കാർഡ് വെരിഫിക്കേഷൻ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അവതരിപ്പിച്ച ആപ്ലിക്കേഷനാണ് സഞ്ചാർ സാഥി. പുതുതായി നിർമ്മിക്കുന്ന ഫോണുകളിലും, നിലവിൽ കടകളിൽ വിൽപ്പനയ്ക്കുള്ള ഫോണുകളിലും ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്നാണ് ടെലികോം മന്ത്രാലയം മൊബൈൽ നിർമ്മാണ കമ്പനികൾക്ക് നിർദേശം നൽകിയത്. 90 ദിവസത്തിനകം ഈ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.