ഡൽഹി : ഇന്ത്യ അമേരിക്കയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നത് താത്കാലികമായി മരവിപ്പിച്ചുവെന്ന വാർത്ത തള്ളി കേന്ദ്ര പ്രതിരോധ മന്ത്രാലയം.ഇത്തരത്തില്‍ വന്ന വാർത്താ റിപ്പോർട്ട് വ്യാജവും, കെട്ടിച്ചമച്ചതാണെന്നും ഇത്തരത്തിലുള്ള വിവരങ്ങൾ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അധിക തീരുവ വിഷയത്തിൽ യുഎസില്‍ നിന്ന് പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അടുത്തയാഴ്ച വാഷിങ്ടണിലേക്ക് പോകാനിരിക്കുകയായിരുന്നുവെന്നും എന്നാല്‍, യാത്ര റദ്ദാക്കിയതായും റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
“ഇതുവരെ യാതൊരു കരാറുകളും മരവിപ്പിച്ചിട്ടില്ല. ആയുധ വാങ്ങലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ആസൂത്രിതമായ രീതിയിൽ പുരോഗമിക്കുകയാണ്,” എന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണം. അമേരിക്കയുമായി രൂക്ഷമായ ധാരണാപ്രശ്നങ്ങളൊന്നുമില്ലെന്നും, സന്ദർശനങ്ങൾക്കും ചർച്ചകൾക്കും തടസ്സമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.