

ന്യൂഡൽഹി: രാജ്യത്ത് കഫ് സിറപ്പുകളുടെ വിൽപനയിലും നിർമ്മാണത്തിലും വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡ്രഗ്‌സ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകളെ നീക്കം ചെയ്യാൻ കേന്ദ്രം തീരുമാനിച്ചു. ഇതോടെ, സാധാരണ ടാബ്‌ലെറ്റുകൾ വിൽക്കുന്നതുപോലെ എളുപ്പത്തിൽ ഇനി സിറപ്പുകൾ വിൽക്കാനാകില്ല.(Center to impose strict restrictions on sale of cough syrup, Syrup-form medicines will be removed from Schedule K list)
പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുള്ള കരട് വിജ്ഞാപനം സർക്കാർ പുറത്തിറക്കി. പൊതുജനങ്ങൾക്ക് 30 ദിവസത്തിനകം അഭിപ്രായങ്ങൾ അറിയിക്കാം. ഓരോ ബാച്ച് മരുന്നും അംഗീകൃത ലബോറട്ടറികളിൽ പരിശോധിക്കണം. ഇതിന്റെ കൃത്യമായ രജിസ്റ്റർ നിർമ്മാതാക്കൾ സൂക്ഷിക്കണം. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനും കഫ് സിറപ്പുകൾ നൽകരുതെന്ന് ആരോഗ്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി.
മധ്യപ്രദേശിൽ വിഷാംശമടങ്ങിയ കഫ് സിറപ്പ് കഴിച്ച് 20-ലേറെ കുട്ടികൾ മരിച്ചതാണ് ഈ കർശന നടപടിക്ക് കാരണം. തമിഴ്നാട് ആസ്ഥാനമായ ശ്രേഷൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച 'കോൾഡ്രിഫ്' (Coldrif) കഫ് സിറപ്പിൽ മാരകമായ ഡൈ എഥിലിൻ ഗ്ലൈക്കോൾ എന്ന വിഷാംശം കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് ഈ കമ്പനിയുടെ നിർമ്മാണ ലൈസൻസ് റദ്ദാക്കുകയും വിപണിയിലുള്ള മരുന്നുകൾ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. മരുന്ന് നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ കൃത്യമായി പരിശോധിക്കണമെന്ന് എല്ലാ സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്കും കേന്ദ്രം നിർദ്ദേശം നൽകി.