

ന്യൂഡൽഹി: രാജ്യത്തെ വിമാനയാത്രക്കാരെ വലിയ ദുരിതത്തിലാഴ്ത്തിയ ഇൻഡിഗോ എയർലൈൻസിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം കർശന നടപടി സ്വീകരിച്ചു. ശൈത്യകാല ഷെഡ്യൂളിലെ 10 ശതമാനം സർവീസുകൾ ഉടൻ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. ഡിജിസിഎ (DGCA) നേരത്തെ നിർദ്ദേശിച്ച 5 ശതമാനം നിയന്ത്രണം ഇതോടെ ഇരട്ടിയായി.(Center takes strict action against IndiGo, Instructions to reduce services by 10%; Action in effect)
ഡിസംബർ ആദ്യവാരത്തിൽ പ്രതിദിനം ശരാശരി 2008 സർവീസുകൾ നടത്തിയിരുന്ന ഇൻഡിഗോ, പുതിയ നിർദ്ദേശപ്രകാരം അത് 1879 ആയി ചുരുക്കി. ഏറ്റവുമധികം സർവീസുകൾ വെട്ടിക്കുറച്ചത് ബെംഗളൂരു വിമാനത്താവളത്തിൽ നിന്നാണ്. ഇവിടെ നിന്ന് മാത്രം 52 സർവീസുകളാണ് കുറച്ചത്.
ദൈർഘ്യം കുറഞ്ഞ സർവീസുകളെയും ഉയർന്ന ഫ്രീക്വൻസിയുള്ള (ഒരേ റൂട്ടിൽ ഒന്നിലധികം വിമാനങ്ങളുള്ള) റൂട്ടുകളെയുമാണ് ഈ നിയന്ത്രണം പ്രധാനമായും ബാധിക്കുന്നത്. നവംബർ ഒന്നിന് പ്രാബല്യത്തിൽ വന്ന പുതുക്കിയ ക്രൂ ഡ്യൂട്ടി നിയമങ്ങൾ (FDTL) പാലിക്കുന്നതിൽ ഇൻഡിഗോ പരാജയപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്.
പുതിയ നിയമപ്രകാരം പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിക്കേണ്ടി വന്നതോടെ ക്രൂ മാനേജ്‌മെന്റിൽ പാളിച്ചകളുണ്ടായി. ഡിസംബർ ആദ്യ വാരത്തിൽ അയ്യായിരത്തിലധികം വിമാനങ്ങൾ റദ്ദാക്കിയതും പതിനായിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായതും ഗൗരവമായാണ് കേന്ദ്രം കാണുന്നത്. വ്യോമയാന മന്ത്രി റാം മോഹൻ നായിഡു നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചു. സിഇഒ പീറ്റർ എൽബേഴ്‌സ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും കനത്ത പിഴ ചുമത്താനും റിപ്പോർട്ടിൽ ശുപാർശയുണ്ട്.