
ചെന്നൈ: കത്തി, അരിവാൾ, ചുറ്റിക എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ നിർമ്മിക്കുന്ന വർക്ക്‌ഷോപ്പുകളിൽ സിസിടിവികൾ നിർബന്ധമായും സ്ഥാപിക്കണമെന്ന്' പോലീസ് വകുപ്പിന്റെ മേഖലാ ഐജിമാർ ഉത്തരവിട്ടു.കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഗുണ്ടകൾക്ക് കത്തി, അരിവാൾ തുടങ്ങിയ ആയുധങ്ങൾ ലഭ്യമാകുന്നത് തടയാൻ നടപടി സ്വീകരിക്കണം. ഇതിനായി അരിവാൾ, കത്തി ഉൾപ്പെടെയുള്ള ആയുധങ്ങൾ നിർമ്മിക്കുന്നവരുടെ മൊബൈൽ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ശേഖരിക്കണം എന്നും നിർദ്ദേശങ്ങളിൽ പറയുന്നു.
കൃഷിക്കും ഗാർഹിക ആവശ്യങ്ങൾക്കും മാത്രമേ ആയുധങ്ങൾ നിർമ്മിച്ച് നൽകാവൂ എന്ന് വർക്ക്ഷോപ്പ് ഉടമകൾക്ക് നിർദ്ദേശം നൽകണം. മറ്റ് ആവശ്യങ്ങൾക്കായി വരുന്നവർക്ക് ആയുധങ്ങൾ വിൽക്കാൻ പാടില്ല. ആരെങ്കിലും ആയുധം വാങ്ങാൻ വരുന്നതായി സംശയം തോന്നിയാൽ, നിങ്ങൾ പോലീസിനെ ബന്ധപ്പെടണം എന്നും നിർദ്ദേശമുണ്ട്.
എല്ലാ ആയുധ നിർമ്മാണ വർക്ക്‌ഷോപ്പുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങളിൽ ഉപഭോക്താക്കളുടെ മുഖം കാണിക്കണം.ആയുധങ്ങൾ വാങ്ങിയ ആളുകളുടെ ഫോൺ നമ്പറുകൾ അടങ്ങിയ ഒരു രജിസ്റ്റർ സൂക്ഷിക്കണം. ഈ വിവരം വർക്ക്ഷോപ്പ് ഉടമകളെ അറിയിക്കണം- എന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.