ജയ്പൂർ: സ്വകാര്യ സ്കൂളിൽ ഒൻപത് വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സി.ബി.എസ്.ഇ.യുടെ അന്വേഷണ റിപ്പോർട്ട്. കുട്ടികളുടെ സുരക്ഷാ സംരക്ഷണം, വിഷയത്തിൽ സ്കൂളിൻ്റെ ഇടപെടൽ എന്നിവയിൽ വലിയ വീഴ്ചകൾ ഉണ്ടായി. മരിച്ച ഒൻപതു വയസ്സുകാരി തുടർച്ചയായി അധിക്ഷേപങ്ങൾ നേരിട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.(CBSE investigation report finds serious lapse by school in suicide of 9-year-old girl in Jaipur)
കുട്ടി പലരിൽ നിന്നും അസഭ്യങ്ങൾ കേൾക്കേണ്ടി വന്നതായും സംഭവം നടന്ന ദിവസം കുട്ടി രണ്ടു തവണ അധ്യാപികയെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ല എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കുട്ടിയെ കൗൺസിലറുടെ അടുത്തേക്ക് റഫർ ചെയ്യുന്നതിലും സ്കൂൾ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് സി.ബി.എസ്.ഇ. റിപ്പോർട്ടിൽ പറയുന്നു.
നവംബർ ഒന്നിനാണ് 9 വയസ്സുകാരി അമയ്റ ജയ്പൂരിലെ നീർജ മോദി സ്കൂളിൻ്റെ നാലാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. കുട്ടി കെട്ടിടത്തിന് മുകളിൽ നിന്നും ചാടുന്നതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു.
അതേസമയം, കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. കുട്ടി താഴെ വീണ സ്ഥലത്ത് രക്തക്കറ ഉൾപ്പെടെ വൃത്തിയാക്കിയത് ചൂണ്ടിക്കാട്ടിയാണ് കുടുംബം ആരോപണം ഉന്നയിച്ചത്.