ചെന്നൈ: കരൂരിൽ ടി.വി.കെ (TVK) രാഷ്ട്രീയ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പാർട്ടി അധ്യക്ഷൻ വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. ജനുവരി 19-ന് ഹാജരാകാനാണ് സിബിഐ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായ വിജയ്‌യെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
തുടർ ചോദ്യം ചെയ്യലിനായി ഹാജരാകാൻ സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊങ്കൽ പ്രമാണിച്ച് സമയം നീട്ടിനൽകണമെന്ന് വിജയ് അഭ്യർത്ഥിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പുതിയ നോട്ടീസ് നൽകിയത്. ദുരന്തത്തിന് തനിക്കോ പാർട്ടിക്കോ ഉത്തരവാദിത്തമില്ലെന്ന നിലപാടിലാണ് വിജയ്. അന്വേഷണത്തിന്റെ ഭാഗമായി വിജയ് ഉപയോഗിച്ചിരുന്ന പ്രചാരണ വാഹനം കഴിഞ്ഞ ദിവസം സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു.
41 പേരുടെ ജീവൻ എടുത്ത ദുരന്തം
കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന തമിഴക വെട്രി കഴകം (TVK) രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കി തിരക്കിൽപ്പെട്ട് 41 പേരാണ് മരിച്ചത്. പ്രാദേശിക പോലീസിന്റെ അന്വേഷണത്തിൽ അതൃപ്തി ഉയർന്നതോടെ സുപ്രീം കോടതി ഇടപെട്ടാണ് കേസ് സിബിഐക്ക് കൈമാറിയത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
സമ്മേളനത്തിന് ആവശ്യമായ അനുമതികൾ വാങ്ങുന്നതിലോ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലോ വീഴ്ചയുണ്ടായോ എന്നാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. പാർട്ടിയുടെ മുതിർന്ന ഭാരവാഹികളിൽ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. വിജയ്‌യുടെ മൊഴി കൂടി രേഖപ്പെടുത്തുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് സിബിഐയുടെ പ്രതീക്ഷ.