ന്യൂഡൽഹി: കരൂരിൽ 41 പേരുടെ മരണത്തിനിടയാക്കിയ ആൾക്കൂട്ട ദുരന്തക്കേസിൽ ടിവികെ അധ്യക്ഷൻ വിജയിയെ സിബിഐ ചോദ്യം ചെയ്തു. ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂറോളം നീണ്ടുനിന്നു. കേസിൽ വിജയിയുടെ മൊഴി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഏജൻസി അദ്ദേഹത്തെ വിളിച്ചുവരുത്തിയത്.
തുടർച്ചയായ രണ്ടാം ദിവസമായ ചൊവ്വാഴ്ചയും ഹാജരാകാൻ വിജയിയോട് സിബിഐ ആദ്യം നിർദ്ദേശിച്ചിരുന്നു. എന്നാൽ പൊങ്കൽ പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങണമെന്ന വിജയിയുടെ പ്രത്യേക അഭ്യർത്ഥന കണക്കിലെടുത്ത് സിബിഐ ഈ നിർദ്ദേശം പിൻവലിച്ചു. മറ്റൊരു തീയതി പിന്നീട് അറിയിക്കാമെന്നും സിബിഐ വ്യക്തമാക്കി. നിലവിൽ വിജയ് ചെന്നൈയിലേക്ക് മടങ്ങും.
അതേസമയം , വിജയിയെ ചോദ്യം ചെയ്യുന്ന വാർത്ത പുറത്തുവന്നതോടെ ഡൽഹിയിലെ സിബിഐ ഓഫീസിന് മുന്നിൽ ടിവികെ പ്രവർത്തകരും ആരാധകരും തടിച്ചുകൂടി. രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്ന് ആരോപിച്ച് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം നടത്തി.
കരൂരിൽ വിജയ് പങ്കെടുത്ത ഒരു പൊതുപരിപാടിയുടെ ഭാഗമായുണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു 41 പേർക്ക് ജീവൻ നഷ്ടമായത്. ഈ സംഭവത്തിൽ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുമാണ് സിബിഐ അന്വേഷിക്കുന്നത്.