ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലെ (FCRA Amendment Bill) വിവാദ വ്യവസ്ഥകളിൽ ആശങ്കയറിയിച്ച് സിബിസിഐ (CBCI) പ്രസിഡന്റ് ആർച്ച് ബിഷപ്പ് കർദിനാൾ ആന്റണി പൂളയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രമന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി (FCRA Amendment Bill 2026). മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും സംഘത്തോടൊപ്പമുണ്ടായിരുന്നു.
ന്യൂനപക്ഷ സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും പ്രതികൂലമായി ബാധിക്കുന്ന ഭേദഗതികളിലെ അപകടസാധ്യതകൾ സംഘം മന്ത്രിയെ ബോധ്യപ്പെടുത്തി. ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ കേന്ദ്ര സർക്കാരിലെ ഉന്നതരെ അറിയിക്കുമെന്ന് കിരൺ റിജിജു ഉറപ്പുനൽകിയതായി കോൺറാഡ് സാങ്മ വ്യക്തമാക്കി.
എഫ്സിആർഎ ബാധകമായ എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായും വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്താൻ സിബിസിഐ നേതൃത്വം ശ്രമിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പുമായി ബന്ധമില്ല: ഈ കൂടിക്കാഴ്ചയ്ക്ക് നിലവിലെ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് മേഘാലയ മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
മാർച്ച് 25-നാണ് എഫ്സിആർഎ ലൈസൻസ് നഷ്ടപ്പെടുന്ന സ്ഥാപനങ്ങളുടെ ആസ്തികൾ സ്ഥിരമായി ഏറ്റെടുക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അവതരിപ്പിച്ചത്.ബില്ലിലെ വ്യവസ്ഥകൾക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും വിവിധ സാമൂഹിക സംഘടനകളും രംഗത്തെത്തിയിരുന്നു.
ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ബജറ്റ് സമ്മേളനത്തിൽ ബിൽ പരിഗണിക്കുന്നതിൽ നിന്ന് സർക്കാർ താൽക്കാലികമായി പിന്മാറിയിരുന്നു. വർഷകാല സമ്മേളനത്തിൽ ബിൽ വീണ്ടും കൊണ്ടുവരാനാണ് കേന്ദ്ര നീക്കം. അതിനുമുമ്പ് വിവാദ വ്യവസ്ഥകൾ നീക്കം ചെയ്യണമെന്നാണ് സഭയുടെ ആവശ്യം.
ഭേദഗതികൾ നിലവിൽ വന്നാൽ സന്നദ്ധ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കും വലിയ തടസ്സമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Story Summary:
A delegation led by CBCI President Cardinal Anthony Poola met Union Minister Kiren Rijiju to express concerns over the controversial amendments to the Foreign Contribution Regulation Act (FCRA). Accompanied by Meghalaya CM Conrad Sangma, the delegation urged the government not to pass the bill in its current form, as it threatens the assets of minority institutions. While the government temporarily stalled the bill in the Budget session following opposition, it plans to reintroduce it in the Monsoon session. Minister Rijiju assured the delegation that their concerns would be conveyed to higher authorities.

