
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം തടയുന്നതിന് ആവശ്യമായ ശക്തമായ സംവിധാനം ഉറപ്പാക്കുമെന്ന് സുപ്രീംകോടതി. ജാതി വിവേചനത്തെതുടർന്ന് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ആത്മഹത്യ ചെയ്ത ദലിത് വിദ്യാർഥി രോഹിത് വെമുല, തമിഴ്നാട് ടോപിവാല നാഷനൽ മെഡിക്കൽ കോളജിലെ ആദിവാസി വിദ്യാർഥിനി പായൽ തദ്വി എന്നിവരുടെ അമ്മമാർ നൽകിയ ഹരജി പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കാമ്പസുകളിൽ ജാതി വിവേചനം ഉണ്ടാകുന്ന സംഭവങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.