ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പോലീസ് ഇൻസ്പെക്ടർമാർ കൊല്ലപ്പെട്ടു. ചിത്രദുർഗ ജില്ലയിലെ ചെല്ലക്കരയ്ക്ക് സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.(Car collides with lorry, 3 policemen die in Karnataka)
റിസർവ് പോലീസ് ഇൻസ്‌പെക്ടർമാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥരായ ഈശ്വർ, മഹന്തേഷ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബെംഗളൂരുവിൽ നിന്ന് ബെല്ലാരിയിലേക്ക് ഒരു സഹപ്രവർത്തകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു അഞ്ചംഗ സംഘം.

