

ന്യൂഡൽഹി: പൗരത്വവുമായി ബന്ധപ്പെട്ടുള്ള ദീർഘകാല പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന തരത്തിൽ സുപ്രധാനമായ പരിഷ്കാരവുമായി കാനഡ. സർക്കാർ പുതിയ പൗരത്വ നിയമ പരിഷ്കരണ ബിൽ സി-3 അവതരിപ്പിച്ചു. ബിൽ സി-3 നടപ്പിലാക്കുന്നതോടെ, വിദേശത്ത് ജനിച്ച ആയിരക്കണക്കിന് ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ള കനേഡിയൻ കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമാകും.(Canadian citizenship, Relief for thousands of Indians born abroad)
നിലവിലുണ്ടായിരുന്ന നിയമത്തിലെ ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥകൾ തിരുത്തുന്നതിനാണ് പുതിയ ബിൽ ലക്ഷ്യമിടുന്നത്. 2009-ൽ അവതരിപ്പിച്ച നിയമമനുസരിച്ച്, കാനഡയ്ക്ക് പുറത്ത് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ലഭിക്കണമെങ്കിൽ, മാതാപിതാക്കളിൽ ഒരാളെങ്കിലും കാനഡയിൽ ജനിച്ചവരായിരിക്കണം എന്ന നിബന്ധനയുണ്ടായിരുന്നു. അതായത്, കനേഡിയൻ മാതാപിതാക്കൾ വിദേശത്ത് ജനിച്ചവരാണെങ്കിൽ, അവരുടെ വിദേശത്ത് ജനിക്കുന്ന കുട്ടികൾക്ക് വംശാവലി അനുസരിച്ച് പൗരത്വം ലഭിക്കില്ലായിരുന്നു.
2023 ഡിസംബറിൽ, ഒന്റാറിയോ സുപ്പീരിയർ കോടതി ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണ് എന്ന് വിധിച്ചു. ഇതിനെ തുടർന്നാണ് സർക്കാർ വിധി അംഗീകരിക്കുകയും അപ്പീൽ നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തത്. ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് വിശദമാക്കിയത്, "വിദേശത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ കുട്ടികളുള്ള കുടുംബങ്ങൾക്കും, മുൻ നിയമങ്ങളാൽ പൗരത്വം നിഷേധിക്കപ്പെട്ട ആളുകൾക്കും" പുതിയ ബിൽ ആശ്വാസമാകും എന്നാണ്.
യു.എസ്., യു.കെ., ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരത്വ നിബന്ധനകളോട് ഏറെ സമാനമാണ് കാനഡയിലെ പുതിയ വ്യവസ്ഥ. വിദേശത്ത് ജനിച്ച ഒരു കനേഡിയൻ രക്ഷിതാവിന് കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്പ് കുറഞ്ഞത് 1,095 ദിവസമെങ്കിലും (ഏകദേശം 3 വർഷം) കാനഡയിൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ, അവരുടെ കുട്ടിക്കും കനേഡിയൻ പൗരത്വം ലഭിക്കും. നേരത്തെയുള്ള വ്യവസ്ഥ അനുസരിച്ച് 'ലോസ്റ്റ് കനേഡിയൻസ്' എന്ന വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാർ അടക്കമുള്ള കുടിയേറ്റ സമൂഹത്തിന് പുതിയ ബിൽ വഴി പൗരത്വം ലഭിക്കും. പൗരത്വ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള സമയപരിധി 2026 ജനുവരി വരെ നീട്ടി നൽകിയിട്ടുണ്ട്. ഈ നടപടിക്രമങ്ങൾ ആരംഭിച്ചാലുടൻ പൗരത്വ അപേക്ഷകളിൽ വൻ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.