

ന്യൂഡൽഹി/ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ഇന്ത്യൻ വംശജരുടെ വിചാരണ തിങ്കളാഴ്ച ആരംഭിച്ചു. 2022 മെയ് മാസത്തിൽ നടന്ന ക്രൂരമായ ഇരട്ടക്കൊലപാതകത്തിൽ ഗുർകരൻ സിംഗ്, അഭിജീത് സിംഗ്, ഖുശ്വീർ സിംഗ് ടൂർ എന്നിവരാണ് വിചാരണ നേരിടുന്നത്.
കൊലപാതകം അതിക്രൂരമായി
2022 മെയ് 9-നാണ് ആർനോൾഡ് ഡി ജോങ് (77), ജോവാൻ ഡി ജോങ് (76) എന്നിവരെ തങ്ങളുടെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരുടെ കൈകാലുകൾ കയറുകൊണ്ട് ബന്ധിച്ചിരുന്നു. ആർനോൾഡിന്റെ മൂക്കും വായും ടേപ്പ് ഉപയോഗിച്ച് അടച്ച നിലയിലായിരുന്നു. തലേദിവസം നടന്ന കുടുംബ സംഗമത്തിന് ശേഷം ദമ്പതികളെ ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പ്രതികൾ ദമ്പതികളുടെ മുൻ ജോലിക്കാർ
ഒരു ക്ലീനിംഗ് കമ്പനി വഴി കൊല്ലപ്പെട്ട ദമ്പതികളുടെ വീട്ടിൽ ജോലി ചെയ്തിരുന്നവരായിരുന്നു പ്രതികൾ. ഇവരുടെ കടുത്ത കടബാധ്യതയും സാമ്പത്തിക ലാഭത്തോടുള്ള അത്യാഗ്രഹവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആരോപിച്ചു. കൊലപാതകത്തിന് തൊട്ടുപിന്നാലെ പ്രതികളായ ഗുർകരനും ഖുഷ്‌വീറും ചേർന്ന് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ 3,601 ഡോളർ നിക്ഷേപിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
കനേഡിയൻ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ഈ കേസിലെ വിചാരണ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ വംശജർ പ്രതികളായ കേസ് എന്ന നിലയിൽ വലിയ ചർച്ചകൾക്കാണ് വിചാരണയുടെ തുടക്കം വഴിതെളിച്ചിരിക്കുന്നത്.