ന്യൂഡൽഹി: പി.എം. ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാൻ സാധിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ കോഴിക്കോട് എം.പി. എം.കെ. രാഘവൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നൽകിയ മറുപടിയിലാണ് ഈ അവ്യക്തതയുള്ളത്.(Can Kerala withdraw from PM SHRI scheme, Central government fails to give clear answer to MP's question in Parliament)
കേരളം പദ്ധതിയിൽ ഒപ്പിട്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയെങ്കിലും, പദ്ധതിയിൽ നിന്ന് പിന്മാറുന്നതിനുള്ള മാർഗനിർദേശങ്ങൾ സംബന്ധിച്ചോ കേരളത്തിന് അനുവദിച്ച തുക സംബന്ധിച്ച വിവരങ്ങളോ മറുപടിയിൽ വിശദീകരിച്ചിട്ടില്ല. പദ്ധതിയുടെ രൂപരേഖയും കേരളത്തിന്റെ പങ്കാളിത്തം ഉറപ്പാക്കിയ വിവരങ്ങളും മാത്രമാണ് എം.പിക്ക് നൽകിയ മറുപടിയിൽ പ്രധാനമായും ഉൾക്കൊള്ളിച്ചത്.
പി.എം. ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു. മുഖ്യമന്ത്രി തന്നെ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയതാണ്. സി.പി.ഐ. മന്ത്രിമാർ ഉയർത്തിയ ശക്തമായ എതിർപ്പിനെ തുടർന്നായിരുന്നു കേരളം ഈ നിലപാട് സ്വീകരിച്ചത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലോ സി.പി.എമ്മിലോ മന്ത്രിസഭയിലോ ചർച്ചയോ അറിവോ ഇല്ലാതെയാണ് വിദ്യാഭ്യാസ വകുപ്പ് പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. ഇതേച്ചൊല്ലി സി.പി.ഐ.യും സി.പി.എമ്മും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് കിട്ടേണ്ട കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കാനാണ് ഒപ്പിട്ടതെന്നും, ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നുമായിരുന്നു സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വാദം.
പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകാതിരുന്നത്, കേരളത്തിന്റെ തുടർ നീക്കങ്ങളെക്കുറിച്ച് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.