ന്യൂഡൽഹി: ഹരിയാന വോട്ടർ പട്ടികയിലെ 'വോട്ട് കൊള്ള' ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് പിഴവുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ ആയുധമാക്കി ബിജെപി. രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ബിജെപി ഐ.ടി. സെൽ മേധാവി അമിത് മാളവ്യ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി.(Can anyone be more stupid than Rahul Gandhi ? mocks BJP)
"രാഹുൽ ഗാന്ധിയേക്കാൾ ഒരാൾക്ക് എങ്ങനെ മണ്ടനാകാനാകും? രാജകുമാരനോട് ആരാണ് സത്യം പറഞ്ഞു കൊടുക്കുക?" – അമിത് മാളവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വോട്ടർ പട്ടികയിൽ 22 തവണ ചിത്രം ഉൾപ്പെട്ടതായി ആരോപിക്കപ്പെട്ട ബ്രസീലിയൻ യുവതിയുടെ വെളിപ്പെടുത്തലാണ് ബിജെപിക്ക് ആയുധമായത്. ലാരിസ്സ നേരി എന്ന യുവതിയുടെ പ്രതികരണം ഇതാണ്:
താൻ ഇതുവരെ ഇന്ത്യയിൽ വന്നിട്ടില്ല. ബ്രസീൽ വിട്ട് പോയിട്ടില്ല എന്നാണ് അവർ പറഞ്ഞത്. താൻ മോഡൽ അല്ല, ഒരു ഹെയർ ഡ്രസ്സർ ആണ് എന്നും, എട്ട് വർഷം മുൻപ് സുഹൃത്തായ ഫോട്ടോഗ്രാഫർ എടുത്ത ചിത്രമാണ് വോട്ടർ പട്ടികയിൽ ഉപയോഗിച്ചത് എന്നും അവർ വെളിപ്പെടുത്തി.
സംഭവം ആദ്യം താൻ എ.ഐ. (നിർമിത ബുദ്ധി) ആണെന്ന് തെറ്റിദ്ധരിച്ചുവെന്നും, ഇത് ബ്രസീലിലാണ് സംഭവിച്ചതെങ്കിൽ താൻ നിയമനടപടി സ്വീകരിക്കുമായിരുന്നുവെന്നും ലാരിസ്സ ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പ്രതികരിച്ചു.
ഈ വസ്തുതാപരമായ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി ഇപ്പോൾ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പ്രതിരോധിക്കുന്നതും അദ്ദേഹത്തെ പരിഹസിക്കുന്നതും. വോട്ട് കൊള്ള ആരോപണത്തിൽ വലിയ റാലിക്ക് കോൺഗ്രസ് ഒരുങ്ങുന്നതിനിടെയാണ് ഈ തിരിച്ചടി.