

ബെംഗളൂരു: ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായുള്ള ക്യാബിൻ ക്രൂ അംഗത്തിന്റെ പരാതിയിൽ പൈലറ്റിനെതിരെ കേസ്. ചാർട്ടേഡ് വിമാനത്തിലെ പൈലറ്റിനെതിരെയാണ് 26 വയസ്സുകാരിയായ ക്യാബിൻ ക്രൂ അംഗം ലൈംഗികാതിക്രമത്തിന് പരാതി നൽകിയത്.
നവംബർ 18-ന് ബെംഗളൂരുവിലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.നവംബർ 18-ന് ഹൈദരാബാദിലെ ബീഗംപേട്ടിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ഫ്ലൈറ്റ് ഡ്യൂട്ടിയിലായിരുന്നു പ്രതിയും ഇരയും.ബെംഗളൂരു എം.ജി. റോഡിലെ ഒരു ഹോട്ടലിലായിരുന്നു ഇവർക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്. ചെക്ക് ഇൻ ചെയ്ത ശേഷം ഇരുവരും നഗരം ചുറ്റിക്കാണാൻ പോയിരുന്നു. അടുത്ത ദിവസത്തേക്ക് ഫ്ലൈറ്റ് ഷെഡ്യൂൾ ചെയ്തിരുന്നതിനാൽ നേരത്തെ ഹോട്ടലിൽ തിരിച്ചെത്തി.പ്രതി മുറിയിൽ കയറി വാതിൽ അടക്കുകയും തൻ്റെ സമ്മതമില്ലാതെ അതിക്രമങ്ങൾ തുടരുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി. പ്രതിയെ തള്ളിമാറ്റി മുറിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു എന്നും അവർ മൊഴി നൽകി.
ഹൈദരാബാദിൽ തിരിച്ചെത്തിയ ശേഷം ക്രൂ അംഗം ബീഗംപേട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലം പരിഗണിക്കാതെ സീറോ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത പോലീസ്, തുടർന്ന് കേസ് ബെംഗളൂരുവിലെ ഹലസുരു പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.