

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസ വാർത്തയായി, എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ്റെ ചുമതലകളുടെ നിബന്ധനകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ രാജ്യത്തെ 50 ലക്ഷത്തോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെയും 69 ലക്ഷത്തോളം വരുന്ന പെൻഷൻകാരുടെയും ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും മാറ്റം വരും. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്.(Cabinet approves ToR of 8th Pay Commission)
ചെയർമാൻ ജസ്റ്റിസ് രഞ്ജന ദേശായിയും, അംഗം പ്രൊഫ. പുലോക് ഘോഷും, മെമ്പർ സെക്രട്ടറി പങ്കജ് ജെയിൻ ഐ.എ.എസ്. എന്നിവരുമാണ്.
വിവിധ മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, ജോയിൻ്റ് കൺസൾട്ടേറ്റീവ് മെഷിനറിയിലെ സ്റ്റാഫ് പ്രതിനിധികൾ എന്നിവരുമായി വിപുലമായ ചർച്ചകൾ നടത്തിയ ശേഷമാണ് നിബന്ധനകൾ അന്തിമമാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനകം ശുപാർശകൾ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശുപാർശകൾ 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും വിരമിച്ചവരുടെയും ശമ്പള ഘടന, അലവൻസുകൾ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ അവലോകനം ചെയ്യാനും മാറ്റങ്ങൾ ശുപാർശ ചെയ്യാനുമായി ജനുവരിയിൽ തന്നെ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ നൽകി സർക്കാർ അംഗീകരിച്ച ശേഷം നടപടികൾ ആരംഭിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ശുപാർശകൾ 2026 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് പ്രതീക്ഷ.