
ന്യൂഡല്‍ഹി: ഐ എസ് ആർ ഒയുടെ 4 ബഹിരാകാശ പദ്ധതികള്‍ക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. ഇത് ചന്ദ്രയാന്‍ 4, ശുക്രദൗത്യം, ഇന്ത്യയുടെ തദ്ദേശീയ ബഹിരാകാശ നിലയത്തിൻ്റെ ആദ്യ യൂണിറ്റ് നിര്‍മ്മാണം, അടുത്ത തലമുറ ലോഞ്ച് വെഹിക്കിളിൻ്റെ വികസനം എന്നിവയാണ്.(Cabinet approves funds for four space missions)
ഈ പദ്ധതികളുടെ വികസനത്തിനായുള്ള തുക മന്ത്രിസഭ അനുവദിച്ചു. പദ്ധതികൾക്ക് വരുന്ന ചെലവായി അനുവദിച്ചിട്ടുള്ളത് 22,750 കോടി രൂപയാണ്. 2,104.06 കോടി രൂപയാണ് ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ നാലാമത്തെ ദൗത്യത്തിനായി മാത്രം ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്.
ചന്ദ്രയാൻ 4ൻ്റെ ദൗത്യം ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതാണ്. 2027 ല്‍ വിക്ഷേപണം നടത്താനാണ് ലക്ഷ്യമിടുന്നത്. രണ്ടാമതായി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത് ഐ എസ് ആർ ഒയുടെ ആദ്യ ശുക്രദൗത്യത്തിനായുള്ള 1236 കോടി രൂപയുടെ പദ്ധതിക്കാണ്. ബഹിരാകാശ പേടകം വികസിപ്പിക്കുന്നതിനാണ് ഇതില്‍ 824 കോടി രൂപ.
2028 മാര്‍ച്ചില്‍ വീനസ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന ദൗത്യത്തിൻ്റെ ഭാഗമായി പേടകത്തെ ശുക്രൻ്റെ ഭ്രമണപഥത്തിലേക്ക് അയക്കും. മൂന്നാമത്തെ ദൗത്യം ഗഗന്‍യാന്‍ പദ്ധതിയുടെ വ്യാപ്തി വിപുലീകരിച്ചുള്ള ഇന്ത്യയുടെ തദ്ദേശീയ ബഹിരാകാശ നിലയത്തിൻ്റെ ആദ്യ യൂണിറ്റിൻ്റെ നിർമാണമാണ്.
ഇതുകൂടാതെ, പുതിയ വിക്ഷേപണ വാഹനമായ NGLV യുടെ വികസനത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഉയര്‍ന്ന പേലോഡ് ശേഷിയുള്ളതും, ചെലവ് കുറഞ്ഞതും, പുനരുപയോഗിക്കാവുന്നതും, വാണിജ്യപരമായി ലാഭകരമാകാന്‍ സാധ്യതയുള്ളതുമായ വാഹനമാണിത്.