ഡൽഹി : രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും.
767 ൽ 452 വോട്ടുകൾ ആണ് സി. പി രാധാകൃഷ്ണൻ ലഭിച്ചത്. പാർലമെന്റിന്റെ ഇരുസഭകളിലും ആയി 98.3% പോളിംഗ് ആണ് രേഖപ്പെടുത്തിയത്.13 എം പിമാർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. പ്രതിപക്ഷത്ത് നിന്നും 19 പേർ എൻഡിഎ സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്തു.എൻഡിഎയ്ക്ക് 452 വോട്ടുകൾ ലഭിച്ചു. ഇന്ത്യാ സഖ്യത്തിന് 315 എംപിമാരാണ് ഉള്ളത്. സ്വതന്ത്രർ ഉൾപ്പെടെ ഒൻപത് പേർ പിന്തുണ അറിയിച്ചിരുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള തലമുതിർന്ന ബിജെപി നേതാവായ സി.പി. രാധാകൃഷ്ണൻ ആർഎസ്എസ്, ജനസംഘം എന്നിവയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ബിജെപി തമിഴ്നാട് ഘടകം മുൻ പ്രസിഡന്റാണ്. തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ കോയമ്പത്തൂരിൽനിന്ന് രണ്ടു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതൽ രണ്ടു വർഷം കേരളത്തിലെ ബിജെപിയുടെ പ്രഭാരിയായിരുന്നു.