
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് അപകടത്തിൽ ഒരാൾ മരിച്ചു, ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ കോൾദിർ പ്രദേശത്ത് 18 പേരുമായി പോയ ബസ് അലക്നന്ദ നദിയിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വിവരം ലഭിച്ചതിനെത്തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.
രുദ്രപ്രയാഗ് ജില്ലയിൽ ഒരു ടെമ്പോ ട്രാവലർ നദിയിൽ വീണ വാർത്ത വളരെ ദുഃഖകരമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു .രക്ഷാ സേനകൾ യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.“ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക ഭരണകൂടവുമായി ഞാൻ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.